ഇന്ത്യന്‍ പരമ്പരയില്‍ മാറ്റങ്ങളുണ്ടായേക്കാം – ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ്

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളുടെ ഫിക്സ്ച്ചറുകള്‍ ഓസ്ട്രേലിയ പ്രഖ്യാപിച്ചുവെങ്കിലും കൊറോണയുടെ സാഹചര്യം മുന്‍ നിര്‍ത്തി ഈ പ്രഖ്യാപനത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം എന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് കെവിന്‍ റോബര്‍ട്സ്. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന യാത്ര വിലക്കുകളെ അടിസ്ഥാനപ്പെടുത്തിയാവും ഈ മാറ്റങ്ങളെന്ന് കെവിന്‍ വ്യക്തമാക്കി.

നേരത്തെ രണ്ട് വേദികളിലാവും മത്സരമെന്നാണ് ഓസ്ട്രേലിയന്‍ ബോര്‍ഡ് പ്രഖ്യാപിച്ചതെങ്കിലും ഫിക്സ്ച്ചറുകള്‍ വന്നപ്പോള്‍ നാല് വേദികളിലായാണ് മത്സരങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ മാറ്റം വന്നേക്കുമെന്ന സൂചന ഇപ്പോള്‍ ഓസ്ട്രേലിയന്‍ ബോര്‍ഡ് നല്‍കിയിട്ടുണ്ട്.

ചിലപ്പോള്‍ ഒന്നോ രണ്ടോ വേദികളിലേക്ക് മത്സരങ്ങള്‍ മാറ്റേണ്ട സാഹചര്യം വന്നേക്കാമെന്നും സ്ഥിതിഗതികള്‍ മെച്ചമായി ഇരുന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത് പോലുള്ള ഫിക്സ്ച്ചര്‍ തന്നെ നടക്കുമെന്നും റോബര്‍ട്സ് അഭിപ്രായപ്പെട്ടു. എല്ലാം പ്രാദേശിക യാത്ര അനുമതികളെ ആശ്രയിച്ചിരിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് വ്യക്തമാക്കി.

Previous article“ഇറ്റലിയിൽ കിരീടപോരാട്ടം കനക്കും, യുവന്റസിനോടൊപ്പം സാധ്യത മറ്റ് രണ്ട് ടീമുകൾക്കും”
Next articleഹാലൻഡിനും ദാഹൂദിനും പരിക്ക്, ഡോർട്മുണ്ടിന് തിരിച്ചടി