സ്കൈയുടെ വെടിക്കെട്ടിന് പിന്തുണയുമായി കോഹ്‍ലി, ഹാര്‍ദ്ദിക്കിന്റെ നിര്‍ണ്ണായക ഇന്നിംഗ്സും തുണയായി, ത്രില്ലര്‍ പരമ്പര സ്വന്തമാക്കി ഇന്ത്യ

ഓസ്ട്രേലിയയ്ക്കെതിരെ ഹൈദ്രാബാദ് ടി20യിൽ ത്രില്ലര്‍ വിജയം നേടി ഇന്ത്യ. സൂര്യകുമാര്‍ – കോഹ്‍ലി വെടിക്കെട്ടിന് ശേഷം മത്സരം ഇന്ത്യ കൈവിട്ടേക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഒരു പന്ത് അവശേഷിക്കെ ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ ലക്ഷ്യം 19.5 ഓവറിൽ മറികടന്നത്.

കെഎൽ രാഹുലിനെ ആദ്യ ഓവറിൽ ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ നാലാം ഓവറിൽ രോഹിത്തിനെയും(17) ഇന്ത്യയ്ക്ക് നഷ്ടമായി. ആ ഘട്ടത്തിൽ 30/2 എന്ന നിലയിലായിരുന്നു ഇന്ത്യ.

62 പന്തിൽ നിന്ന് 104 റൺസാണ് മൂന്നാം വിക്കറ്റിൽ സൂര്യകുമാര്‍ യാദവും വിരാട് കോഹ്‍ലിയും ചേര്‍ന്ന് നേടിയത്. 36 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാറിനെ ജോഷ് ഹാസൽവുഡ് പുറത്താക്കുമ്പോള്‍ ഇന്ത്യ അവസാന ആറോവറിൽ 53 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

കോഹ്‍ലി 37 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ഇന്ത്യയ്ക്ക് 24 പന്തിൽ വിജയത്തിനായി 39 റൺസ് നേടണമായിരുന്നു. സൂര്യകുമാര്‍ പുറത്തായ ശേഷമുള്ള ഓവറുകളിൽ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ കോഹ്‍ലിയും ഹാര്‍ദ്ദിക്കും പ്രയാസപ്പെട്ടപ്പോള്‍ 18 പന്തിൽ ഇന്ത്യയുടെ ലക്ഷ്യം 32 റൺസായി മാറി. 18ാം ഓവറിൽ നിന്ന് 11 റൺസ് പിറന്നപ്പോള്‍ രണ്ടോവറിൽ 21 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്.

19ാം ഓവറിലെ ആദ്യ പന്തിൽ ഹാര്‍ദ്ദിക് സിക്സര്‍ നേടിയെങ്കിലും മൂന്നാമത്തെയും നാലാമത്തെയും പന്തിൽ വിരാട് കോഹ്‍ലിയ്ക്ക് റണ്ണെടുക്കാന്‍ സാധിക്കാതെ പോയതോടെ ഇന്ത്യയ്ക്ക് മേൽ സമ്മര്‍ദ്ദം ഏറി. അവസാന രണ്ട് പന്തിൽ നിന്ന് മൂന്ന് റൺസ് കൂടി വന്നപ്പോള്‍ ഓവറിൽ നിന്ന് 10 റൺസും അവസാന ഓവറിൽ 11 റൺസുമായി ലക്ഷ്യം മാറി.

ഡാനിയേൽ സാംസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സര്‍ പറത്തിയ കോഹ്‍ലിയെ അടുത്ത പന്തിൽ താരം ഫിഞ്ചിന്റെ കൈകളിലെത്തിച്ചപ്പോള്‍ മത്സരം അത്യന്തം ആവേശകരമായി. 48 പന്തിൽ നിന്ന് 63 റൺസായിരുന്നു കോഹ്‍ലി നേടിയത്. ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി പറത്തി ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ വിജയം സാധ്യമാക്കുകയായിരുന്നു. ഹാര്‍ദ്ദിക് 25 റൺസുമായി പുറത്താകാതെ നിന്നു.