അനായാസ വിജയവുമായി ഇന്ത്യ എ

ന്യൂസിലാണ്ട് എ യ്ക്കെതിരെ അനായാസ വിജയം നേടി ഇന്ത്യ. റുതുരാജ് ഗായക്വാഡും രാഹുല്‍ ത്രിപാഠിയും തിളങ്ങിയപ്പോള്‍ ഇന്ത്യ 31.5 ഓവറിൽ 168 എന്ന ലക്ഷ്യം മറികടക്കുകയായിരുന്നു. പൃഥ്വി ഷായെ(17) നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ റുതുരാജും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് 56 റൺസാണ് നേടിയത്. 41 റൺസ് നേടിയ റുതുരാജിനെ മൈക്കൽ റിപ്പൺ പുറത്താക്കി.

തൊട്ടടുത്ത ഓവറിൽ രാഹുൽ ത്രിപാഠിയെയും ഇന്ത്യയ്ക്ക് നഷ്ടമായി. 31 റൺസാണ് താരം നേടിയത്. പിന്നീട് രജത് പടിദാറും സഞ്ജു സാംസണും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രജത് പടിദാര്‍ 45 റൺസും സഞ്ജു 29 റൺസും നേടിയപ്പോള്‍ ഇരുവരും നാലാം വിക്കറ്റിൽ 69 റൺസാണ് നേടിയത്.

നേരത്തെ ന്യൂസിലാണ്ടിനെ 167 റൺസിന് ഇന്ത്യ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ശര്‍ദ്ധുൽ താക്കുര്‍ നാലും കുൽദീപ് സെന്‍ 3 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിന്റെ താളം തെറ്റിച്ചത്.