ഐപിഎലിലെ പ്രകടനത്തിനു ശേഷം താഹിര്‍ ഇനി ടി20 ബ്ലാസ്റ്റിലേക്ക്

ഐപിഎലിലെ പര്‍പ്പിള്‍ ക്യാപ് ഉടമ കൂടിയായ ഇമ്രാന്‍ താഹിര്‍ വരാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ സറേയ്ക്ക് വേണ്ടി കളിയ്ക്കും. ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നറുമായി കരാറിലെത്തിയത് ക്ലബ് ഇന്നാണ് അറിയിച്ചത്. ടീമിലെ രണ്ടാമത്തെ വിദേശ താരമായാണ് താഹിര്‍ എത്തുന്നത്. ഫിഞ്ച് ആണ് ടീം കരാറിലെത്തിയ മറ്റൊരു വിദേശ താരം.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ടീമിലംഗമായ ഇമ്രാന്‍ താഹിര്‍ ലോകകപ്പിനു ശേഷം ഏകദിനത്തില്‍ നിന്ന് വിരമിയ്ക്കുവാന്‍ ഇരിയ്ക്കുകയാണ്. ഇതിനാല്‍ തന്നെ സീസണ്‍ മുഴുവന്‍ സറേയ്ക്കായി താരം കളിയ്ക്കാനുണ്ടാകും. ജൂലൈ 19നു എസ്സെക്സുമായാണ് സറേയുടെ ആദ്യ മത്സരം. സറേയുടെ 14 ഗ്രൂപ്പ് ഘട്ട മത്സരത്തിലും താരം കളിയ്ക്കുമെന്നത് ഉറപ്പാണെങ്കിലും നോക്ക്ഔട്ട് ഘട്ടത്തില്‍ താരം കളിയ്ക്കുമോ എന്നതില്‍ ഉറപ്പില്ല.

ഐപിഎലില്‍ 26 വിക്കറ്റുകളുമായി ഇമ്രാന്‍ താഹിര്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കുകയായിരുന്നു.