തനിക്ക് വിനയായത് പരിക്കും പിന്നെ ഐസിഎലിലെ പങ്കാളിത്തവും

- Advertisement -

നിരന്തരമായ പരിക്കും ഐസിഎലില്‍ പങ്കെടുത്തതുമാണ് തനിക്ക് വിനയായതെന്ന് പറഞ്ഞ് വിരമിച്ച മുന്‍ ബംഗ്ലാദേശ് താരം മുഹമ്മദ് ഷരീഫ്. 2008ല്‍ ഐസിഎലില്‍ ചേര്‍ന്നതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് 10 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം താരം ലീഗില്‍ നിന്ന് പുറത്ത് പോയെങ്കിലും പിന്നീട് മികച്ച പ്രകടനങ്ങള്‍ ആഭ്യന്തര തലത്തില്‍ പുറത്തെടുത്തുവെങ്കിലും താരത്തിന് ദേശീയ ടീമില്‍ എത്തുവാന്‍ സാധിച്ചിരുന്നില്ല.

തുടര്‍ച്ചയായ പരിക്കുകളും തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. ഈ തരത്തില്‍ തനിക്ക് രണ്ട് വര്‍ഷം കൂടി കളിക്കാമായിരുന്നു എന്നാല്‍ നൂറ് ശതമാനം പൂര്‍ണ്ണമായി പരിക്ക് അലട്ടാതെ കളിക്കുക എന്നത് സാധ്യമല്ലെന്ന് തോന്നിയതിനാലാണ് താന്‍ വിരമിക്കുന്നതെന്ന് ഷരീഫ് വ്യക്തമാക്കി.

393 ഫസ്റ്റ് ക്ലാസ് വിക്കറ്റ് നേടിയ ഷരീഫിന് 7 വിക്കറ്റ് കൂടി നേടാനാകുമായിരുന്നുവെങ്കില്‍ ബംഗ്ലാദേശ് ഫസ്റ്റ് ക്ലാസ് ചരിത്രത്തില്‍ നാനൂറ് വിക്കറ്റ് നേടിയ ആദ്യ പേസ് ബൗളര്‍ എന്ന ബഹുമതി നേടാമായിരുന്നു. ആ വിഷമം തനിക്കുണ്ടെന്നും താരം വ്യക്തമാക്കി.

Advertisement