ഇത് സര്‍ക്കാര്‍ ഇടപെടലല്ല, ഐസിസിയ്ക്ക് കത്തെഴുതി ദക്ഷിണാഫ്രിക്കയുടെ ഒളിമ്പിക്സ് സംഘടന

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ച് വിട്ട നടപടി സര്‍ക്കാര്‍ ഇടപെടല്‍ അല്ലെന്ന് ഐസിസിയെ അറിയിച്ച് ദക്ഷിണാഫ്രിക്കയുടെ ഒളിമ്പിക്സ് സംഘടന. ഇത് സര്‍ക്കാര്‍ ഇടപെടല്‍ അല്ലെന്ന് കാണിച്ചാണ് ഐസിസിയ്ക്ക് സംഘടന കത്തെഴുതിയത്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ പൊതുവേ ഐസിസിയുടെ വിലക്കിലേക്ക് കലാശിക്കാറുണ്ടെങ്കിലും ഇതുണ്ടാകാതിരിക്കുവാനുള്ള കരുതല്‍ നടപടിയായി വേണം ഒളിമ്പിക്സ് സംഘടനയുടെ ഇടപെടലിനെ കാണേണ്ടത്.

ഈ നടപടി സര്‍ക്കാരിന്റെയോ സ്പോര്‍ട്സ് മന്ത്രിയുടെയോ ആവശ്യപ്രകാരമുള്ളതല്ലെന്നും സംഘടന ഒരു സര്‍ക്കാര്‍ സംഘടന അല്ലെന്നും കത്തില്‍ ഇവര്‍ സൂചിപ്പിച്ചു. എന്നാല്‍ രാജ്യത്തെ എല്ലോ സ്പോര്‍ട്സ് അസോസ്സിയേഷനുകളും ഈ സംഘടനയുടെ കീഴിലുള്ളതാണെന്നതിനാലാണ് നടപടിയെന്നും കത്തില്‍ പരമാര്‍ശിക്കുന്നു.