ലക്ഷ്യം ഒന്നാം സ്ഥാനം: ജോ റൂട്ട്

ശ്രീലങ്കയ്ക്കെതിരെ ചരിത്രം കുറിച്ച ടെസ്റ്റ് പരമ്പര വിജയത്തിനു ശേഷം തങ്ങളുടെ ലക്ഷ്യം ഏകദിനത്തിലേത് പോലെ ടെസ്റ്റിലും ഒന്നാം സ്ഥാനം സ്വന്തമാക്കുകയാണെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. 2001ല്‍ ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ശ്രീലങ്കയില്‍ ഒരു പരമ്പര വിജയം സ്വന്തമാക്കുന്നത്. ഒന്നാം ഇന്നിംഗ്സില്‍ ലീഡ് ശ്രീലങ്ക നേടിയെങ്കിലും മികച്ച തിരിച്ചുവരവ് നടത്തിയാണ് ഇംഗ്ലണ്ട് ടെസ്റ്റ് സ്വന്തമാക്കുന്നത്.

ആദ്യ ഇന്നിംഗ്സില്‍ സാം കറന്റെ മികവിലാണ് ഇംഗ്ലണ്ട് 175/7 എന്ന നിലയില്‍ നിന്ന് 285 റണ്‍സിലേക്ക് എത്തുന്നത്. അതേ സമയം രണ്ടാം ഇന്നിംഗ്സില്‍ ജോ റൂട്ടിന്റെ ശതകം ഏറെ നിര്‍ണ്ണായകമായി. ടീമിലെ സ്ഥാനത്തിനായി തന്നെ താരങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരമുണ്ടെന്ന് പറഞ്ഞ ജോ റൂട്ട്, ഇത് ഇംഗ്ലണ്ട് ടെസ്റ്റിലും ഏറെ മികച്ച് നില്‍ക്കുന്നു എന്നതിന്റെ സൂചനയാണെന്ന് പറഞ്ഞു.

ഏതെങ്കിലും ഒരു ഘട്ടത്തില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് തങ്ങള്‍ എത്തുക തന്നെ ചെയ്യുമെന്നും ആ ലക്ഷ്യം സാധ്യമാക്കുകയെന്നതാണ് ഇനി ടീമിനെ മുന്നോട്ട് നയിക്കുമ്പോള്‍ താന്‍ ശ്രദ്ധയൂന്നുവാന്‍ പോകുന്നുതെന്നും ജോ റൂട്ട് പറഞ്ഞു.

മത്സരഫലത്തെ സ്വാധീനിക്കുന്നില്ലെങ്കിലും നവംബര്‍ 23നു കൊളംബോയില്‍ മൂന്നാമത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ടും ശ്രീലങ്കയും ഏറ്റുമുട്ടും. വൈറ്റ് വാഷ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാവും ആതിഥേയര്‍ മത്സരത്തെ സമീപിക്കുക.