സൗത്താംപ്ടണിലെ ടെസ്റ്റ് രക്ഷിച്ചെടുക്കാമെന്ന വിശ്വാസം ടീമിനുണ്ട് – ആബിദ് അലി

- Advertisement -

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഒരു ദിവസം ബാക്കി നില്‍ക്കെ എട്ട് വിക്കറ്റുകളാണ് പാക്കിസ്ഥാന്റെ കൈവശമുള്ളത് ടെസ്റ്റിനെ രക്ഷിക്കുവാന്‍. മത്സരത്തില്‍ അവസാന ദിവസം മാത്രം അവശേഷിക്കെ വിജയം എന്നത് ഇംഗ്ലണ്ടിന് ഇനിയും സാധ്യമാണ്. അതേ സമയം പാക്കിസ്ഥാന് വിജയ പ്രതീക്ഷയില്ലെങ്കിലും ടെസ്റ്റ് സമനിലയിലാക്കാമെന്ന പ്രതീക്ഷയാണുള്ളത്.

100/2 എന്ന നിലയിലാണ് പാക്കിസ്ഥാന്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ നില്‍ക്കുന്നത്. കാലാവസ്ഥ അഞ്ചാം ദിവസം മോശമാണെന്നാണ് പ്രവചിക്കുന്നതെങ്കിലും അത് സംഭവിക്കുന്നില്ലെങ്കില്‍ പോലും പാക്കിസ്ഥാന് മത്സരം രക്ഷിച്ചെടുക്കുവാനുള്ള കഴിവുണ്ടെന്നാണ് ആബിദ് അലി പറയുന്നത്.

പരമ്പരയിലെ തന്റെ അവസാന ഇന്നിംഗ്സാണെന്ന് അറിയാവുന്നതിനാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നായിരുന്നു തന്റെ ലക്ഷ്യമെന്നും ആബിദ് അലി വ്യക്തമാക്കി. ടീമിന്റെ ആവശ്യമനുസരിച്ച് കളിക്കുക എന്നതായിരുന്നു താന്‍ അപ്പോള്‍ ശ്രദ്ധിച്ചതെന്നും ആബിദ് അലി വ്യക്തമാക്കി.

ഏകദേശം 50 ഓവറോളമാണ് ആബിദ് അലി ക്രീസില്‍ നിന്നത്. തന്റെ ശ്രമം മുഴുവന്‍ ദിവസം പിടിച്ച് നില്‍ക്കുകയായിരുന്നുവെങ്കിലും അതിന് സാധിച്ചില്ലെന്ന് താരം പറഞ്ഞു. സ്കോര്‍ നേടുക എന്നതല്ലായിരുന്നു ടീമിനെ സമനിലയിലേക്ക് നയിക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് പറഞ്ഞ ആബിദ് ഇനി വരാനിരിക്കുന്ന താരങ്ങള്‍ക്കും ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കി.

 

Advertisement