ഏഷ്യ കപ്പ് യോഗ്യതയ്ക്കായി ഹോങ്കോംഗും യുഎഇയും

ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഹോങ്കോംഗും യുഎഇയും. 8 പോയിന്റുമായി യുഎഇ ഗ്രൂപ്പില്‍ ഒന്നാമതെത്തിയപ്പോള്‍ ഹോങ്കോംഗ് 7 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. 7 പോയിന്റുള്ള ഒമാനെ റണ്‍റേറ്റില്‍ പിന്തള്ളിയാണ് ഹോങ്കോംഗ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സെപ്റ്റംബര്‍ ആറിനു നടക്കുന്ന ഫൈനലില്‍ ജയം നേടാനാകുന്ന ടീമിനു പ്രധാന ടൂര്‍ണ്ണമെന്റിലേക്ക് കടക്കാനാകും.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹോങ്കോംഗിനോട് 182 റണ്‍സിനു യുഎഇ പരാജയപ്പെട്ടിരുന്നു. ബാക്കി എല്ലാ മത്സരവും ജയിച്ചാണ് യുഎഇ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഒമാനെതിരെ ജയം അനിവാര്യമായ മത്സരത്തില്‍ 13 റണ്‍സിന്റെ ജയമാണ് യുഎഇ ഇന്ന് സ്വന്തമാക്കിയത്. 208 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം 195 റണ്‍സിനു ഒമാനെ വീഴ്ത്തിയാണ് യുഎഇ ഫൈനല്‍ ഉറപ്പാക്കിയത്.

ആദ്യ മത്സരത്തില്‍ മലേഷ്യയാല്‍ അട്ടിമറിക്കപ്പെട്ട ശേഷം ഒമാനെതിരെയുള്ള മത്സരം നടക്കാത്തതിനാല്‍ പോയിന്റുകള്‍ തുല്യമായി പങ്കുവെച്ച ഹോങ്കോംഗിനു അവസാന മത്സരത്തില്‍ നേപ്പാളിനെതിരെ ജയം അനിവാര്യമായിരുന്നു. ഇന്ന നടന്ന മത്സരത്തില്‍ 3 വിക്കറ്റിനു നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഹോങ്കോംഗ് ഫൈനലില്‍ കടന്നത്.

അതേ സമയം ഇന്നത്തെ മത്സരങ്ങള്‍ക്ക് മുമ്പ് 7 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒമാന്‍ നിര്‍ഭാഗ്യകരമായി റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പുറത്ത് പോകുകയായിരുന്നു. ഹോങ്കോംഗ് നേപ്പാളിനെ കീഴടക്കിയതോടെയാണ് ഒമാന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റത്.