ഹെറ്റ്മ്യറിന്റെ കോള്‍മയിര്‍ കൊള്ളിക്കുന്ന പ്രകടനം, 300 കടന്ന് വിന്‍ഡീസ്

ഷിമ്രണ്‍ ഹെറ്റ്മയറിന്റെ ശതകവും കീറന്‍ പവലിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ഗുവഹാത്തി ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി വിന്‍ഡീസ്. 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് വിന്‍ഡീസ് നേടിയത്. 278/8 എന്ന നിലയില്‍ നിന്ന് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് വിന്‍ഡീസിനെ വിന്‍ഡീസിനെ 300 കടക്കാന്‍ സഹായിച്ചത്. 44 റണ്‍സാണ് കെമര്‍ റോച്ചും ദേവേന്ദ്ര ബിഷുവും ചേര്‍ന്ന് 9ാം വിക്കറ്റില്‍ വിന്‍ഡീസിനായി നേടിയത്.

ഇന്ത്യയ്ക്കതിരെ 78 പന്തില്‍ നിന്ന് 106 റണ്‍സ് നേടി മത്സരഗതിയെ സന്ദര്‍ശകര്‍ക്ക് അനുകൂലമാക്കുവാന്‍ ഹെറ്റ്മ്യറിനു സാധിച്ചുവെങ്കിലും താരം പുറത്തായ ശേഷം വിന്‍ഡീസ് കുതിപ്പിനു ഇന്ത്യ തടയിടുകയായിരുന്നു. ഹെറ്റ്മ്യര്‍ പുറത്താകുമ്പോള്‍ 38.4 ഓവറില്‍ 248 റണ്‍സാണ് വിന്‍ഡീസ് നേടിയത്. അതിനു ശേഷം 11.2 ഓവറില്‍ നിന്ന് വിന്‍ഡീസിനു 74 റണ്‍സ് മാത്രമേ നേടാനായുള്ളു.

അരങ്ങേറ്റക്കാരന്‍ ചന്ദര്‍പോള്‍ ഹേംരാജിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും കീറന്‍ പവലും ഷായി ഹോപ്പും ചേര്‍ന്ന് വിന്‍ഡീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സ്കോര്‍ 84ല്‍ 51 റണ്‍സ് നേടി കീറന്‍ പവല്‍ മടങ്ങുമ്പോള്‍ രണ്ടാം വിക്കറ്റില്‍ 65 റണ്‍സാണ് പവലും ഹോപ്പും ചേര്‍ന്ന് നേടിയത്. പവല്‍ പുറത്തായി തൊട്ടടുത്ത ഓവറില്‍ സാമുവല്‍സിനെയും വിന്‍ഡീസിനു നഷ്ടമായി. ഏറെ വൈകാതെ ഷായി ഹോപു(32) മടങ്ങിയെങ്കിലും ഷിമ്രണ്‍ ഹെറ്റ്മ്യറും-റോവ്മന്‍ പവലും(22) ചേര്‍ന്ന് വിന്‍ഡീസ് ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു.

അഞ്ചാം വിക്കറ്റില്‍ 74 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 53 പന്തുകളില്‍ നിന്ന് ഇരുവരും നേടിയത്. ആറാം വിക്കറ്റില്‍ നായകന്‍ ജേസണ്‍ ഹോള്‍ഡറുമായി ചേര്‍ന്ന് 49 പന്തില്‍ നിന്ന് 60 റണ്‍സ് ഹെറ്റ്മ്യര്‍ നേടിയിരുന്നു. ഈ രണ്ട് കൂട്ടുകെട്ടുകളാണ് മത്സരത്തില്‍ വിന്‍ഡീസിനു നിലയുറപ്പിക്കുവാന്‍ സഹായിച്ചത്. 6 ബൗണ്ടറിയും 6 സിക്സും സഹിതം 106 റണ്‍സാണ് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കരസ്ഥമാക്കിയത്.

ജേസണ്‍ ഹോള്‍ഡര്‍ 38 റണ്‍സ് നേടി പുറത്തായി.ബിഷൂ 22 റണ്‍സും കെമര്‍ റോച്ച് 26 റണ്‍സും നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ചഹാല്‍ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Comments are closed.