കാര്‍ത്തിക്കിനു ശതകം നഷ്ടം, ഇന്ത്യ 395 റണ്‍സിനു പുറത്ത്

ദിനേശ് കാര്‍ത്തിക്ക് തന്റെ തലേ ദിവസത്തെ സ്കോറായ 82 റണ്‍സിനോട് ഒരു റണ്‍സ് കൂടി ചേര്‍ക്കാനാകാതെ പുറത്തായപ്പോള്‍ എസെക്സിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 395 റണ്‍സിനു പുറത്തായി ഇന്ത്യ. 322/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ ശേഷിക്കുന്ന 4 വിക്കറ്റുകള്‍ 73 റണ്‍സിനു നഷ്ടമാവുകയായിരുന്നു. ഹാര്‍ദ്ദിക്ക് പാണ്ഡ്യ തന്റെ അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായി.

അവസാന വിക്കറ്റില്‍ ഒത്തുകൂടിയ ഋഷഭ് പന്ത്-രവീന്ദ്ര ജഡേജ കൂട്ടുകെട്ട് 41 റണ്‍സുമായി എസെക്സ് ബൗളര്‍മാരെ അവസാന വിക്കറ്റിനായി ഏറെ പരിശ്രമിപ്പിച്ചു. പന്ത് തന്റെ മികച്ച ഫോം തുടര്‍ന്ന് അതിവേഗം 34 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ രവീന്ദ്ര ജഡേജ 15 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന വിക്കറ്റായ മടങ്ങി.

എസെക്സിനായി പോള്‍ വാള്‍ട്ടര്‍ നാലും മാറ്റ് കോള്‍സ് രണ്ടും വിക്കറ്റ് നേടി. മാത്യൂ ക്വിന്‍, ആരോണ്‍ ബിയേര്‍ഡ്, ആരോണ്‍ നിജ്ജാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial