ജയ്പൂരിൽ ന്യൂസിലാണ്ടിന്റെ അടിയോടടി, ഗപ്ടിലിനും ചാപ്മാനും അര്‍ദ്ധ ശതകങ്ങള്‍

ഇന്ത്യയ്ക്കെതിരെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് മികച്ച സ്കോര്‍. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ ഡാരിൽ മിച്ചലിനെ നഷ്ടമായ ശേഷം 109 റൺസ് കൂട്ടുകെട്ട് നേടി മാര്‍ട്ടിന്‍ ഗപ്ടിലും മാര്‍ക്ക് ചാപ്മാനും കസറിയപ്പോള്‍ ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്.

50 പന്തിൽ 63 റൺസ് നേടിയ ചാപ്മാനെ പുറത്താക്കി അശ്വിന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ചാപ്മാനെ പുറത്താക്കിയ അതേ ഓവറിൽ അശ്വിന്‍ ഗ്ലെന്‍ ഫിലിപ്പ്സിനെയും പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ട് 110/1 എന്ന നിലയിൽ നിന്ന് 110/3 എന്ന നിലയിലേക്ക് വീണു.

ഈ രണ്ട് വിക്കറ്റുകളും വീണ ശേഷവും അടി തുടര്‍ന്ന ഗപ്ടിൽ 18ാം ഓവറിൽ പുറത്താകുമ്പോള്‍ ന്യൂസിലാണ്ട് 150 റൺസാണ് നേടിയത്. 42 പന്തിൽ 70 റൺസാണ് ഗപ്ടിൽ നേടിയത്. 4 സിക്സാണ് താരം സ്വന്തമാക്കിയത്.

പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന കരുതിയ ന്യൂസിലാണ്ടിനെ 164 റൺസിൽ ഒതുക്കുവാനായി എന്നത് ഇന്ത്യയുടെ ബൗളര്‍മാരുടെ നേട്ടമായി കാണാം. അശ്വിനും ഭുവനേശ്വര്‍ കുമാറും രണ്ട് വീതവും ദീപക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും ഇന്ത്യയ്ക്കായി നേടി.