സംഹാരതാണ്ഡവവുമായി ടോം ബാന്റണ്‍, താരത്തെ പുറത്താക്കിയ ശേഷം മത്സരത്തിലേക്ക് പാക്കിസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്

- Advertisement -

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ ആദ്യ ടി20 മത്സരം തടസ്സപ്പെടുത്തി മഴ. ഒരു ഘട്ടത്തില്‍ 200ന് മേലുള്ള സ്കോര്‍ ഇംഗ്ലണ്ട് നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇംഗ്ലണ്ട് മധ്യനിരയെ തകര്‍ത്തെറിഞ്ഞ് പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തുന്നത്. 16.1 ഓവറില്‍ 131/6 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ വില്ലനായി അവതരിച്ചത്. മൂന്ന് റണ്‍സുമായി സാം ബില്ലിംഗ്സും 2 റണ്‍സ് നേടി ക്രിസ് ജോര്‍ദ്ദനമാണ് ക്രീസിലുള്ളത്.

ഇന്ന് ടോസ് നേടിയ പാക്കിസ്ഥാന്‍ എതിരാളികളോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോയെ(2) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ടോം ബാന്റണും ദാവീദ് മലനും കൂടി മിന്നും തുടക്കം ടീമിന് നല്‍കുകയായിരുന്നു. 23 റണ്‍സ് നേടിയ മലന്‍ റണ്ണൗട്ടാവുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടി ചേര്‍ത്തിരുന്നു.

ടോം ബാന്റണ് കൂട്ടായി ഓയിന്‍ മോര്‍ഗന്‍ കൂടിയെത്തിയപ്പോള്‍ സ്കോറിംഗ് വേഗത വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. ആദ്യ 19 പന്തില്‍ നിന്ന് 20 റണ്‍സ് മാത്രം നേടിയ ബാന്റണ്‍ 33 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. താരത്തിന്റെ കരിയറിലെ ആദ്യ ടി20 അന്താരാഷ്ട്ര അര്‍ദ്ധ ശതകം കൂടിയായിരുന്നു ഇത്.

42 പന്തില്‍ 71 റണ്‍സ് നേടിയ ടോം ബാന്റണെ ഇംഗ്ലണ്ടിന് നഷ്ടമാകുമ്പോള്‍ ടീം സ്കോര്‍ 109/3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് പാക്കിസ്ഥാന്‍ താരങ്ങളുടെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് മത്സരത്തില്‍ കണ്ടത്. ഇഫ്തിക്കാര്‍ അഹമ്മദ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ(14) പുറത്താക്കിയപ്പോള്‍ മോയിന്‍ അലിയെ പുറത്താക്കി ഷദബ് ഖാന്‍ തന്റെ രണ്ടാമത്തെ വിക്കറ്റും നേടി.

Advertisement