ഓസ്ട്രേലിയന്‍ താരങ്ങളെ നാട്ടിലെത്തിച്ചതിന് ബിസിസിഐയോട് നന്ദി അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ

ഓസ്ട്രേലിയന്‍ താരങ്ങളെ ഐപിഎല്‍ കഴിഞ്ഞ് സുരക്ഷിതമായി നാട്ടിലെത്തിക്കുവാന്‍ സഹായിച്ച ബിസിസിഐയോട് നന്ദി അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ താത്കാലിക സിഇഒ നിക്ക് ഹോക്ക്ലി. ഇന്ത്യയില്‍ കേസുകള്‍ വര്‍ദ്ധിച്ചപ്പോള്‍ തന്നെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീട് ഐപിഎല്‍ നിര്‍ത്തേണ്ടി വന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ മടങ്ങിപ്പോക്ക് തന്നെ സംശയത്തിലായി.

ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ബിസിസിഐ അവരെ ആദ്യം മാല്‍ദീവ്സിലേക്കും പിന്നീട് അവിടെ നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തിക്കുവാനുമുള്ള സൗകര്യങ്ങള്‍ അതിവേഗത്തില്‍ നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് നടത്തിക്കൊടുക്കുകയായിരുന്നു. ഈ തീരുമാനത്തിനുള്ള നന്ദിയാണ് നിക്ക് അറിയിച്ചത്.

38 ഓസ്ട്രേലിയന്‍ താരങ്ങളാണ് ഇത്തരത്തില്‍ ട്രാവല്‍ ബാന്‍ കാരണം കുടുങ്ങി കിടന്നത്. ഇവരില്‍ പോസിറ്റീവായി തുടര്‍ന്ന മൈക്കല്‍ ഹസ്സിയെ ഒഴികെ എല്ലാ താരങ്ങളെയും ഇന്ത്യന്‍ ബോര്‍ഡ് മാല്‍ദീവ്സിലേക്ക് എത്തിച്ചു.