ന്യൂസിലാണ്ടിനെ രക്ഷിച്ച് ഗ്രാന്‍ഡോം വെടിക്കെട്ട്, ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുമായി ക്രുണാല്‍ പാണ്ഡ്യ

- Advertisement -

ഈഡന്‍ പാര്‍ക്കില്‍ 158 റണ്‍സ് നേടി ന്യൂസിലാണ്ട്. കോളിന്‍ ഡി ഗ്രാന്‍ഡോമിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകവും 42 റണ്‍സ് നേടി  റോസ് ടെയിലറും ബാറ്റിംഗില്‍ തിളങ്ങിയാണ് ന്യൂസിലാണ്ടിനെ 158 റണ്‍സിലേക്ക് നയിച്ചത്. 8 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ന്യൂസിലാണ്ട് ഈ സ്കോര്‍ നേടിയത്. ഒരു ഘടത്തില്‍ 50/4 എന്ന നിലയിലേക്ക് ന്യൂസിലാണ്ടിനെ ക്രുണാല്‍ പാണ്ഡ്യ പ്രതിരോധത്തിലാക്കുകയായിരുന്നു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 77 റണ്‍സുമായി ഗ്രാന്‍ഡോം-ടെയിലര്‍ കൂട്ടുകെട്ട് ന്യൂസിലാണ്ടിന്റെ രക്ഷയ്ക്കെത്തി. 28 പന്തില്‍ നിന്ന് 4 സിക്സ് സഹിതം 50 റണ്‍സാണ് ഗ്രാന്‍ഡോം നേടിയത്. ഗ്രാന്‍ഡോമിന്റെ വിക്കറ്റ് വീഴ്ത്തി ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് കളിയിലെ നിര്‍ണ്ണായകമായ വിക്കറ്റ് നേടിയത്. അല്ലാത്തപക്ഷം ന്യൂസിലാണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് ഗ്രാന്‍ഡോം നയിച്ചേനെ. റോസ് ടെയിലര്‍ ആതിഥേയര്‍ക്കായി 42 റണ്‍സ് നേടിയെങ്കിലും റണ്ണൗട്ട് രൂപത്തില്‍ താരം പുറത്തായത് ടീമിന്റെ സ്കോറിംഗിനെ ബാധിച്ചു.

ക്രുണാല്‍ പാണ്ഡ്യ തന്റെ നാലോവറില്‍ 28 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് നേടി.

Advertisement