ടൊറോണ്ടോ നാഷണല്‍സിനു തോല്‍വി സമ്മാനിച്ച് എഡ്മോണ്ടന്‍ റോയല്‍സ്

Sports Correspondent

ഗ്ലോബല്‍ ടി20 കാനഡയില്‍ ആദ്യ തോല്‍വി നേരിട്ട് ടൊറോണ്ടോ നാഷണല്‍സ്. ആദ്യം ബാറ്റ് ചെയ്ത നാഷണല്‍സ് 20 ഓവറില്‍ 169/7 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം വെറും 15 ഓവറില്‍ മറികടന്ന് എഡ്മോണ്ടന്‍ റോയല്‍സ് തങ്ങളുടെ വരവ് അറിയിക്കുകയായിരുന്നു. ലൂക്ക് റോഞ്ചി തന്റെ മിന്നും ഫോം ഈ ടൂര്‍ണ്ണമെന്റിലും തുടര്‍ന്ന് 18 പന്തില്‍ 47 റണ്‍സ് നേടി. ആന്‍ഡ്രേ ഫ്ലെച്ചര്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഗ സല്‍മാന്‍ 38 റണ്‍സ് നേടി.
4ാം ഓവറില്‍ അര്‍ദ്ധ ശതകം 3 റണ്‍സ് അകലെയായി ലൂക്ക് റോഞ്ചി പുറത്താകുമ്പോള്‍ റോയല്‍സിന്റെ സ്കോര്‍ 71 റണ്‍സായിരുന്നു. രണ്ടാം വിക്കറ്റില്‍ ഫ്ലെച്ചറും സല്‍മാനും കൂടി 73 റണ്‍സ് കൂടി നേടി ടീമിനെ ശക്തമായ നിലയില്‍ എത്തിക്കുകയായിരുന്നു. 2 വിക്കറ്റാണ് റോയല്‍സിനു നഷ്ടമായത്. കെസ്രിക് വില്യംസും കീറണ്‍ പൊള്ളാര്‍ഡുമാണ് വിക്കറ്റ് നേടിയവര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടൊറോണ്ടോ നാഷണല്‍സിന്റെ ടോപ് ഓര്‍ഡര്‍ പരാജയപ്പെടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 33/4 എന്ന നിലയിലായിരുന്ന ടീമിനെ കീറണ്‍ പൊള്ളാര്‍ഡ്(28), നിതീഷ് കുമാര്‍(55) എന്നിവര്‍ക്കൊപ്പം ഡാരെന്‍ സാമി(19), മുഹമ്മദ് നവീദ്(13 പന്തില്‍ പുറത്താകാതെ 26) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് 169 എന്ന സ്കോറിലേക്ക് നയിച്ചത്.

വെയിന്‍ പാര്‍ണല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പന്തെറിഞ്ഞ മറ്റു ബൗളര്‍മാരെല്ലാം വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. മുഹമ്മദ് ഇര്‍ഫാന്‍, സൊഹൈല്‍ തന്‍വീര്‍, സത്സിംരഞ്ജിത് ഡിന്‍ഡ്സ, ഷാഹിദ് അഫ്രീദി, ഹസന്‍ ഖാന്‍ എന്നിവരാണിവര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial