രണ്ടാം ടി20യിലും ന്യൂസിലാണ്ടിന് വിജയം, ഗ്ലെന്‍ ഫിലിപ്പ്സിന് ശതകം

ന്യൂസിലാണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടി20യിലും വിജയം ന്യൂസിലാണ്ടിന്. ഇതോടെ പരമ്പര ന്യൂസിലാണ്ട് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 238 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഗ്ലെന്‍ ഫിലിപ്പ്സ് 51 പന്തില്‍ 108 റണ്‍സ് നേടിയപ്പോള്‍ 37 പന്തില്‍ 65 റണ്‍സുമായി ഡെവണ്‍ കോണ്‍വേ പുറത്താകാതെ നിന്നു. മാര്‍ട്ടിന്‍ ഗപ്ടില്‍ 34 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 166 റണ്‍സ് മാത്രമാണ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ടീമിലെ ആര്‍ക്കും തന്നെ വലിയൊരു സ്കോര്‍ നേടുവാന്‍ സാധിച്ചില്ല. ആന്‍ഡ്രേ ഫ്ലെച്ചര്‍(20), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(25), കൈല്‍ മയേഴ്സ്(20), കൈറണ്‍ പൊള്ളാര്‍ഡ്(28), കീമോ പോള്‍(26*) എന്നിവര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം മുതലാക്കാനാകാതെ പോയപ്പോള്‍ വിന്‍ഡീസ് 72 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി.

കൈല്‍ ജൈമിസണ്‍, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് നേടി.