ജോ റൂട്ടിനെതിരെ അസഭ്യ വര്‍ഷം, ഗബ്രിയേലിനു താക്കീത്

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ജോ റൂട്ടിനെതിരെ അസഭ്യ വര്‍ഷം നടത്തിയടതിനു വിന്‍ഡീസ് പേസ് ബൗളര്‍ ഷാനണ്‍ ഗബ്രിയേലിനു താക്കീത്. താരത്തിനെതിരെ കൂടുതല്‍ നടപടികള്‍ മത്സര ശേഷം ഉണ്ടാകുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ 44ാം ഓവറിലാണ് സംഭവം അരങ്ങേറുന്നത്. ജോ റൂട്ടും ജോ ഡെന്‍ലിയും ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നതിനിടയിലാണ് ഗബ്രിയേലിന്റെ ഈ പെരുമാറ്റം.

മാച്ച് റഫറി ജെഫ് ക്രോ അമ്പയര്‍മാരുടെ നടപടിയില്‍ സന്തുഷ്ടനാണെന്നും കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കില്ലെന്നുമാണ് ചില ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുവാന്‍ ജോ റൂട്ട് തയ്യാറായില്ല. ഷാനണ്‍ ഗബ്രിയേല്‍ മികച്ച താരമാണെന്നും ക്രിക്കറ്റിനായി കഠിന പ്രയത്നം നടത്തുന്ന താരമാണെന്നും മികച്ച പ്രകടനം പരമ്പരയില്‍ നടത്തിയ താരത്തില്‍ നിന്നുള്ള പരാമര്‍ശം എന്താണെന്ന് താന്‍ വെളിപ്പെടുത്തുന്നില്ലെന്നും ജോ റൂട്ട് അഭിപ്രായപ്പെട്ടു.