സ്മിത്തിന് ടി20യിൽ മൂന്നാം നമ്പറിൽ തിളങ്ങാനാകും – ആരോൺ ഫിഞ്ച്

ഓസ്ട്രേലിയയുടെ ടി20യിലെ മൂന്നാം നമ്പര്‍ റോളിൽ സ്റ്റീവന്‍ സ്മിത്തിന് തിളങ്ങാനാകുമെന്ന് അറിയിച്ച് ആരോൺ ഫിഞ്ച്. മിച്ചൽ മാര്‍ഷ് പരിക്കേറ്റ് ടീമിന് പുറത്തായ ശേഷം സ്റ്റീവ് സ്മിത്തിനെയാണ് ഓസ്ട്രേലിയ മൂന്നാം നമ്പറിൽ പരീക്ഷിക്കുവാന്‍ സാധ്യത. മൊഹാലിയിൽ നാളെ ഇന്ത്യയുമായി നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തിൽ താരത്തെ മൂന്നാം നമ്പറിൽ പരീക്ഷിക്കുവാന്‍ സാധ്യതയുണ്ടെന്ന സൂചന ഫിഞ്ച് നൽകി.

എന്നാൽ അടുത്തിടെയായി ടി20യിൽ മികച്ച ഫോമിലല്ല സ്മിത്ത് കളിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ആകെ അഞ്ച് മത്സരങ്ങളിൽ നിന്ന് 65 റൺസാണ് താരം നേടിയത്. മാര്‍ഷ് പരിക്കേറ്റതിനാൽ സ്മിത്തിനെയാണ് മൂന്നാം നമ്പറിൽ പരീക്ഷിക്കുവാന്‍ കൂടുതൽ സാധ്യതയെന്നും ആ റോളിൽ മികവ് പുലര്‍ത്തുവാന്‍ കഴിവുള്ള ആളാണ് സ്മിത്ത് എന്നും ഫിഞ്ച് കൂട്ടിചേര്‍ത്തു.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒരേ പോലെ കഴിവ് തെളിയിച്ച താരങ്ങളില്‍ ഒരാളാണ് സ്മിത്തെന്നും താരം ഏത് റോളിൽ കളിച്ചാലും മികവ് പുലര്‍ത്താനാകുമെന്ന ആത്മവിശ്വാസം ടീമിനുണ്ടെന്നും ഫിഞ്ച് പറഞ്ഞു.