ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ കൈവിട്ടു – ടിം പെയിന്‍

താന്‍ രാജി വയ്ക്കുവാന്‍ ഇടയായ സാഹചര്യം വെളിവാക്കി ടിം പെയിന്‍. തന്നെ ക്രിക്കറ്റ് ഓസ്ട്രേലിയ കൈവിട്ടതായി തനിക്ക് തോന്നിയെന്നാണ് തന്റെ ആത്മകഥയായ “The Price Paid” ൽ താരം പരാമര്‍ശിച്ചിരിക്കുന്നത്. 2017ൽ ക്രിക്കറ്റ് ടാസ്മാനിയയിലെ വനിത ജീവനക്കാരിയുമായി ടിം പെയിന്‍ സെക്സ്റ്റിംഗ് നടത്തിയെന്ന വിവാദം വീണ്ടും ഇക്കഴിഞ്ഞ നവംബറിൽ പുറത്ത് വന്നതിന് ശേഷം ടിം പെയിന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയായിരുന്നു.

2017 ൽ അന്വേഷണത്തിൽ ഇരുവരുടെയും സമ്മതത്തോട് കൂടിയാണ് ഇക്കാര്യം നടന്നതെന്ന് ഓസ്ട്രേലിയന്‍ ബോര്‍ഡ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും 2021ൽ വീണ്ടും ഈ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തനിക്ക് ബോര്‍ഡിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്നാണ് ടിം പെയിന്‍ വ്യക്തമാക്കിയത്.

അന്നത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് നിക്ക് ഹോക്ക്ലിയ്ക്കൊപ്പം ഒരു പിആര്‍ കൺസള്‍ട്ടന്റാണ് അന്ന് ചര്‍ച്ച നയിച്ചതെന്നും അദ്ദേഹമാണ് തന്നോട് രാജി വയ്ക്കുന്നതാവും ഉചിതമെന്ന് പറഞ്ഞതെന്നും ടിം പെയിന്‍ സൂചിപ്പിച്ചു.