തന്റെ അമിതാത്മവിശ്വാസം തിരിച്ചടിയായി – ഫകര്‍ സമന്‍

- Advertisement -

ലോകകപ്പിലും അതിന് മുമ്പും ഫോം ഔട്ടിലായിരുന്നു പാക് ഓപ്പണര്‍ ഫകര്‍ സമന്‍. ലോകകപ്പില്‍ 8 മത്സരങ്ങളില്‍ നിന്ന് 186 റണ്‍സ് നേടിയ താരത്തിന് വളരെ മോശം വര്‍ഷമായിരുന്നു 2019. കളിച്ച എട്ട് ടി20കളില്‍ 6 എണ്ണത്തില്‍ താരം ഇരട്ട സഖ്യ കടന്നതുമില്ല. ഇപ്പോള്‍ താരത്തിനെ പാക്കിസ്ഥാനിന്റെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ കരിയറിലെ ഏറ്റവും സുപ്രധാനമായ മൂന്ന് ടി20 മത്സരങ്ങളാവും ഇവയെന്നും താരം വ്യക്തമാക്കി.

ചാമ്പ്യന്‍സ് ട്രോഫി 2017ല്‍ സമന്‍ ഇന്ത്യയ്ക്കെതിരെ ഫൈനലില്‍ നേടിയ ശതകം താരത്തിനെ ടീമില്‍ സ്ഥിരാംഗമാക്കി മാറ്റുകയായിരുന്നു. എന്നാല്‍ ഈ പ്രകടനത്തിന് ശേഷം തനിക്ക് അമിതാത്മവിശ്വാസം വന്നുവെന്നതാണ് സത്യസന്ധമായ കാര്യമെന്നും താരം വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ വരെ വളരെ സമയമെടുത്ത് തന്റെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയ താന്‍ ആദ്യം മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആക്രമിച്ച് കളിക്കുവാന്‍ തുടങ്ങിയെന്നും.

ടോപ് ഓര്‍ഡറില്‍ ആക്രമിച്ച് കളിക്കുക എന്ന തന്റെ റോള്‍ തുടരുമ്പോളും താന്‍ വരുത്തിയ പല തെറ്റുകളും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി. റണ്‍റേറ്റ് എട്ട്-ഒമ്പത് എന്നീ നിലയില്‍ നിര്‍ത്തുാന്‍ ശ്രമിക്കുമ്പോളും താന്‍ വളരെ അധികം സമയം ക്രീസിലുണ്ടാകുമെന്ന് ഉറപ്പാക്കുവാന്‍ ശ്രമിക്കുമെന്നും താരം സൂചിപ്പിച്ചു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരത്തിന് ഫോമിലേക്ക് മടങ്ങിയെത്തുവാന്‍ ആയി എന്നതും ഫകര്‍ സമന് തുണയാകുമെന്നാണ് കരുതപ്പെടുന്നത്. ടൂര്‍ണ്ണമെന്റില്‍ രണ്ട് അര്‍ദ്ധ ശതകം ഉള്‍പ്പെടെ 246 റണ്‍സാണ് ഫകര്‍ സമന്‍ നേടിയത്.

Advertisement