ക്യാപ്റ്റന്‍സിയില്‍ തുടരണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നതിന്റെ അധികാരം മോര്‍ഗന്‍ നേടി കഴിഞ്ഞു

Sports Correspondent

ലോകകപ്പ് വിജയത്തോടെ തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സ്വയം തീരുമാനമെടുക്കുവാനുള്ള അധികാരവും അവകാശവും ഓയിന്‍ മോര്‍ഗന്‍ സ്വന്തമാക്കിയെന്ന് പറഞ്ഞ് ആന്‍ഡ്രൂ സ്ട്രോസ്. 2015 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി മോര്‍ഗനെ നിശ്ചയിച്ചത് ഇസിബി മാനേജിംഗ് ഡയറക്ടര്‍ ആയ ആന്‍ഡ്രൂ സ്ട്രോസ് ആയിരുന്നു. അടുത്ത ലോകകപ്പിന്റെ സമയത്ത് മോര്‍ഗന് 36 വയസ്സായിരിക്കുമെങ്കിലും 2020ല്‍ ടി20 ലോകകപ്പ് വരെ മോര്‍ഗന്‍ തന്നെ ക്യാപ്റ്റനായി തുടരുന്നതായിരിക്കും ഇംഗ്ലണ്ടിന് നല്ലതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ഇപ്പോള്‍ മോര്‍ഗന് അത് തീരുമാനിക്കുവാനുള്ള അവകാശം ഈ ലോകകപ്പ് വിജയത്തോടെ താരം നേടിയെടുത്തുവെന്നും സ്ട്രോസ്സ് പറഞ്ഞു. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആളോട് ഇനിയെന്താണ് നേടാനുള്ളതെന്ന് ചോദിക്കുന്നത് പോലെയാണ് മോര്‍ഗനോട് ഇനിയെന്താണ് ലക്ഷ്യമെന്ന് ചോദിക്കുന്നതെന്നും സ്ട്രോസ് വ്യക്തമാക്കി. ഇംഗ്ലണ്ട് നായകനായി തുടരണോ വേണ്ടയോ എന്നത് ഇപ്പോള്‍ മോര്‍ഗന്‍ മാത്രം തീരുമാനിക്കേണ്ടയൊന്നാണെന്നും സ്ട്രോസ് വ്യക്തമാക്കി.