ആദ്യ ടി20യില്‍ വിജയം ഇംഗ്ലണ്ടിനു

- Advertisement -

ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോയുടെ ബാറ്റിംഗ് മികവില്‍ ആദ്യ ടി20യില്‍ വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 18.5 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

ടോപ് ഓര്‍ഡറില്‍ ജോണി ബൈര്‍സ്റ്റോ നേടിയ 68 റണ്‍സാണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കിയത്. ബൈര്‍സ്റ്റോയുടെ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു ഇത്. ജോ ഡെന്‍ലി 30 റണ്‍സും സാം ബില്ലിംഗ്സ് 18 റണ്‍സും നേടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ മറ്റു താരങ്ങള്‍ക്ക് അധികം റണ്‍സ് കണ്ടെത്താനായില്ല. 5 പന്തില്‍ നിന്ന് 11 റണ്‍സ് നേടി അലക്സ് ഹെയില്‍സ് വെടിക്കെട്ട് തുടക്കം ഇംഗ്ലണ്ടിനു നല്‍കിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുടരെ നഷ്ടമായത് ടീമിനു തിരിച്ചടിയായെങ്കിലും ബൈര്‍സ്റ്റോയുടെ നിര്‍ണ്ണായക പ്രകടനമാണ് കളി മാറ്റിയത്. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനു വേണ്ടി നിക്കോളസ് പൂരന്‍ ആണ് മികവ് പുലര്‍ത്തിയത്. 37 പന്തില്‍ നിന്ന് 58 റണ്‍സുമായി പൂരനു പിന്തുണയായത് 28 റണ്‍സ് നേടിയ ഡാരെന്‍ ബ്രാവോ മാത്രമാണ്. ക്രിസ് ഗെയില്‍(15), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(14) എന്നിവര്‍ വേഗത്തില്‍ പുറത്തായതും ടീമിനു വലിയ സ്കോര്‍ നേടാനാകാതെ പോകുവാന്‍ കാരണമായി. ഇംഗ്ലണ്ടിനായി ടോം കറന്‍ 4 വിക്കറ്റും ക്രിസ് ജോര്‍ദ്ദാന്‍ 2 വിക്കറ്റും നേടി ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തു.

Advertisement