ഈഡന്‍ പാര്‍ക്കില്‍ ന്യൂസിലാണ്ടിന്റെ അടിയോടടി, കന്നി അര്‍ദ്ധ ശതകം വെടിക്കെട്ട് രീതിയില്‍ പൂര്‍ത്തിയാക്കി ഫിന്‍ അല്ലെന്‍

Finnallen

പത്തോവര്‍ ആയി ചുരുക്കിയ ഈഡന്‍ പാര്‍ക്കിലെ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍. മാര്‍ട്ടിന്‍ ഗപ്ടിലും ഫിന്‍ അല്ലെനും ബംഗ്ലാദേശ് ബൗളര്‍മാരെ തച്ചുടച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 10 ഓവറില്‍ 141 റണ്‍സാണ് നേടിയത്.

Martinguptill

ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ 85 റണ്‍സാണ് ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍ നേടിയത്. 19 പന്തില്‍ 44 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വിക്കറ്റ് നേടി മഹേദി ഹസന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ഗപ്ടില്‍ പുറത്തായെങ്കിലും തന്റെ കന്നി അര്‍ദ്ധ ശതകം തികയ്ക്കുവാന്‍ ഫിന്‍ അല്ലെന് സാധിച്ചു. 18 പന്തില്‍ നിന്നാണ് താരം ഈ നേട്ടം നേടിയത്. ന്യൂസിലാണ്ടിനായി ടി20യില്‍ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ അര്‍ദ്ധ ശതകമാണ് ഇത്.

ഗ്ലെന്‍ ഫിലിപ്പ്സിന്റെ(14) വിക്കറ്റ് ഷൊറിഫുള്‍ ഇസ്ലാം നേടിയെങ്കിലും ഫിന്‍ അല്ലെന്‍ മറുവശത്ത് യഥേഷ്ടം സ്കോറിംഗ് തുടരുകയായിരുന്നു. 29 പന്തില്‍ 71 റണ്‍സ് നേടിയ ഫിന്‍ അല്ലെന്‍ ടാസ്കിന്‍ അഹമ്മദിന്റെ അവസാന ഓവറില്‍ രണ്ട് പന്ത് അവശേഷിക്കവെയാണ് പുറത്തായത്. 10 ഫോറും 3 സിക്സുമാണ് താരം നേടിയത്.

11 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ അവസാന പന്തില്‍ റണ്ണൗട്ടായപ്പോള്‍ ന്യൂസിലാണ്ട് 141/4 എന്ന സ്കോറിലെത്തി.