കഴിവ് തെളിയിച്ചാല്‍ അമീറിനെ ടെസ്റ്റിലും പരിഗണിക്കും – വഖാര്‍ യൂനിസ്

മുഹമ്മദ് അമീര്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരുവാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത് പോസിറ്റീവായി കാണുന്നുവെങ്കിലും താരത്തിനെ കഴിവ് തെളിയിച്ചാല്‍ മാത്രമേ ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിഗണിക്കുകയുള്ളുവെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. താരം കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ താരം പ്രഖ്യാപിച്ചിരുന്നു.

ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമുമ്പായിരുന്നു ഈ തീരുമാനം. ഇതിനെതിരെ വഖാറും മിസ്ബ ഉള്‍ ഹക്കും താരത്തെ വിമര്‍ശിച്ചിരുന്നു. ഇംഗ്ലണ്ട് ടൂറില്‍ നിന്ന് താരം വ്യക്തിപരമായ കാരണങ്ങള്‍ കാരണം വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചുവെങ്കിലും പിന്നീട് ഹാരിസ് റൗഫ് കൊറോണ പോസിറ്റീവ് ആയതോടെ താരത്തിനെ വീണ്ടം ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.

താരത്തിന് മുന്നില്‍ വാതിലുകളൊന്നും കൊട്ടിയടച്ചിട്ടില്ലെന്നും താരം മികച്ച രീതിയില്‍ പരിശീലനത്തിലെല്ലാം കഴിവ് തെളിയിക്കുകയാണെങ്കില്‍ താരത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കുവാനാണ് മാനേജ്മെന്റ തീരുമാനം എന്നും വഖാര്‍ യൂനിസ് വ്യക്തമാക്കി.

താരം ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പ് ഇത്തരം തീരുമാനം കൈക്കൊണ്ടതാണ് ഏവര്‍ക്കും നീരസം ഉണ്ടാക്കിയതെന്നും താരം ഇപ്പോള്‍ മടങ്ങി വരുന്നത് പാക്കിസ്ഥാന് ടീമിന് ഗുണം ചെയ്യുമെന്നും വഖാര്‍ വ്യക്തമാക്കി.