ഐ.സി.സി ടൂർണമെന്റുകൾക്ക് പകരം ഐ.പി.എല്ലിന് പ്രാധാന്യം നൽകരുതെന്ന് പാകിസ്ഥാൻ

Photo: AFP

ഐ.സി.സി ടൂർണമെന്റുകൾക്ക് പകരം ഐ.പി.എല്ലിന് ഐ.സി.സി കൂടുതൽ പ്രാധാന്യം നൽകരുതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കാനുള്ള ഒരു ശ്രമത്തിനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പിന്തുണ ഉണ്ടാവില്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ഈ വർഷം നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്നും ആ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാനുള്ള സാധ്യത ഉണ്ടെന്നുമുള്ള വാർത്തകൾക്കിടയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രതികരണം. ഇപ്പോൾ മെയ് മാസം മാത്രമാണ് ആയതെന്നും ടി20 ലോകകപ്പിന്റെ ഭാവി നിർണ്ണയിക്കാൻ ഇനിയും ഒരുപാട് സമയം ഉണ്ടെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രധിനിധി വ്യക്തമാക്കി. ടി20 ലോകകപ്പ് നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ രണ്ട് മാസത്തിന് ശേഷം തീരുമാനം എടുക്കാമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗ് ഒരു പ്രാദേശിക ടൂർണമെന്റ് ആണെന്നും അത് കൊണ്ട് തന്നെ ഐ.സി.സി ടൂർണമെന്റുകളെക്കാളോ അല്ലെങ്കിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പരമ്പരയെക്കാളോ പ്രാധാന്യം നൽകേണ്ടതില്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

Previous articleപ്രീമിയർ ലീഗിൽ നാലു പേർക്ക് കൂടെ കൊറോണ പോസിറ്റീവ്
Next articleമാർട്ടിനെസിനെ വിൽക്കില്ല എന്ന് ഇന്റർ, വേണമെങ്കിൽ റിലീസ് ക്ലോസ് നൽകാം