ദീപക് ഹൂഡ ബറോഡ വിടുന്നു, രാജസ്ഥാനിൽ ചേരും

വരുന്ന ആഭ്യന്തര സീസണിൽ രാജസ്ഥാന് വേണ്ടി കളിക്കാനൊരുങ്ങി ദീപക് ഹൂഡ. ബറോഡ ക്രിക്കറ്റ് അസോസ്സിയേഷനിൽ നിന്ന് പിന്മാറി ഓള്‍റൗണ്ടര്‍ തങ്ങള്‍ക്കൊപ്പം എത്തുന്നുവെന്നത് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റെ വൈഭവ് ഗെഹ്‍ലോട്ട് ആണ് വ്യക്തമാക്കിയത്.

കഴിഞ്ഞ സീസൺ സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്ക് തൊട്ടുമുമ്പ് ബറോഡ നായകന്‍ ക്രുണാൽ പാണ്ഡ്യയുമായുള്ള വാക്ക്തര്‍ക്കത്തിനെത്തുടര്‍ന്ന് ഹൂഡ ബയോ ബബിളിൽ നിന്ന് പുറത്ത് കടന്നിരുന്നു. അതിനെത്തുടര്‍ന്ന് താരത്തിനെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍ഷനുമുണ്ടായി.

താരത്തിനെ ഇത്തവണയും ബറോഡയുടെ കണ്ടീഷനിംഗ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തുവെങ്കിലും താരം മാറ്റം ആവശ്യപ്പെടുകയാണെന്ന് ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ സിഇഒ ശിശിര്‍ ഹത്തംഗടി പറഞ്ഞു.