അരങ്ങേറ്റക്കാരന്‍ അഷെന്‍ ബണ്ടാരയ്ക്ക് അര്‍ദ്ധ ശതകം, ഓപ്പണര്‍മാരുടെ മികവിന് ശേഷം ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച.

അരങ്ങേറ്റക്കാരന്‍ അഷെന്‍ ബണ്ടാരയും ഓപ്പണര്‍മാരും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും വെസ്റ്റിന്‍ഡീസിനെതിരെ 232 റണ്‍സിന് ഓള്‍ഔട്ട് ആയി ശ്രീലങ്ക. 49 ഓവറിലാണ് ടീം ഓള്‍ഔട്ട് ആയത്. ധനുഷ്ക ഗുണതിലക 55 റണ്‍സ് നേടിയപ്പോള്‍ ദിമുത് കരുണാരത്നേ 52 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 105 റണ്‍സാണ് നേടിയതെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ ശ്രീലങ്കയുടെ ബാറ്റിംഗിന്റെ താളം നഷ്ടമായി.

മറുവശത്ത് വിക്കറ്റ് വീഴുമ്പോളും അരങ്ങേറ്റക്കാരന്‍ അഷെന്‍ ബണ്ടാര നേടിയ അര്‍ദ്ധ ശതകമാണ് ശ്രീലങ്കയെ 232 റണ്‍സിലേക്ക് എത്തിച്ചത്. ആതിഥേയര്‍ക്കായി ജേസണ്‍ ഹോള്‍ഡറും ജേസണ്‍ മുഹമ്മദും രണ്ട് വീതം വിക്കറ്റ് നേടി.