ദസുന്‍ ഷനക ഏകദിനങ്ങള്‍ക്കായി വിന്‍ഡീസിലെത്തും

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയ്ക്ക് ടീമിനൊപ്പമെത്തുവാന്‍ സാധിച്ചിരുന്നില്ല. താരത്തിന്റെ വിസ പ്രശ്നം കാരണമാണ് ഇത്. പിന്നീട് ശ്രീലങ്ക ആഞ്ചലോ മാത്യൂസിനെ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരപ്രകാരം ടി20 മത്സരങ്ങള്‍ക്കായി ഷനക ടീമിനൊപ്പം എത്തില്ല എന്നാണ്.

ഫ്രാന്‍സ് വഴി വെസ്റ്റ് ഇന്‍ഡീസിലേക്ക് താരം എത്തുമെന്നും ഏകദിന ടീമിനൊപ്പം ചേരുമെന്നാണ് അറിയുവാനാകുന്നത്. സാധുതയുള്ള യുഎസ് വിസ സ്റ്റാംപ് ചെയ്ത താരത്തിന്റെ മുമ്പത്തെ പാസ്പോര്‍ട്ട് നഷ്ടമായതാണ് ഈ വിഷമസ്ഥിതിയ്ക്ക് കാരണം.

മുഴുവന്‍ സമയ ക്യാപ്റ്റനായി ദസുന്‍ ഷനകയുടെ ആദ്യ ദൗത്യം ആവേണ്ടതായിരുന്നു വിന്‍ഡീസ് ടി20 പരമ്പര. 2019ല്‍ പാക്കിസ്ഥാനില്‍ താരം ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും അന്ന് മുഴുവന്‍ ടീം ആയിരുന്നില്ല പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്.