ഇനി കളിയല്പം കാര്യം, സ്റ്റെയിനിനെയും ക്വിന്റണ്‍ ഡിക്കോക്കിനെയും തിരികെ വിളിച്ച് ദക്ഷിണാഫ്രിക്ക

ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ച ക്വിന്റണ്‍ ഡിക്കോക്കിനെയും ഡെയില്‍ സ്റ്റെയിനിനെയും മടക്കി വിളിച്ച് ദക്ഷിണാഫ്രിക്ക. പരമ്പരയിലെ ആദ്യ ഏകദിനം കൈവിട്ട ശേഷം പാക്കിസ്ഥാനെ രണ്ടാം മത്സരത്തില്‍ പരാജയപ്പെടുത്തുവാന്‍ സാധിച്ചുവെങ്കിലും ടീമിന്റെ പ്രകടനം അത്ര എടുത്ത് പറയത്തക്ക മികച്ചതല്ലായിരുന്നു. അഞ്ച് വിക്കറ്റുകളോളം കൈവിട്ട ശേഷമാണ് മത്സരത്തിലേക്ക് ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് എത്തിയത്. ടോപ് ഓര്‍ഡറിന്റെ പരാജയത്തിനു പരിഹാരമെന്ന നിലയിലാണ് ക്വിന്റണ്‍ ഡിക്കോക്കിനെ മടക്കി വിളിച്ചത്.

ടി20യില്‍ കളിച്ചിട്ടുള്ള താരം ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെയും ആദ്യമായി ഏകദിന ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡുവാന്നെ ഒളിവിയര്‍, ഡെയിന്‍ പാറ്റേര്‍സണ്‍, ഹെയിന്‍റിച്ച് ക്ലാസ്സെന്‍ എന്നീ താരങ്ങളെയാണ് ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഡുവാന്നെയ്ക്ക് ആനിവാര്യമായ വിശ്രമം നല്‍കുന്നതിന്റെ ഭാഗമായാണ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് വേണം മനസ്സിലാക്കുവാന്‍. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുവാനിരിക്കെയാണ് താരത്തിനു വിശ്രമം നല്‍കുവാന്‍ ടീം തീരുമാനിച്ചിരിക്കുന്നത്.

പരമ്പരയില്‍ ഇരു ടീമുകളും 1-1നു തുല്യത പാലിക്കുമ്പോള്‍ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങളാണ്. വെള്ളിയാഴ്ച സെഞ്ചൂറിയണിലാണ് പരമ്പരയിലെ മൂന്നാം മത്സരം. ജോഹാന്നസ്ബര്‍ഗ്, കേപ് ടൗണ്‍ എന്നീ വേദികളില്‍ യഥാക്രം ജനുവരി 27, ജനുവരി 30 എന്നീ ദിവസകങ്ങളില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും നടക്കും.