വീണ്ടും ഒറ്റയാനായി കര്‍ടിസ് കാംഫെര്‍, രണ്ടാം മത്സരത്തിലും അര്‍ദ്ധ ശതകം

- Advertisement -

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിലും അയര്‍ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ രക്ഷകനായി വീണ്ടും അവതരിച്ച് കര്‍ടിസ് കാംഫെര്‍. തന്റെ രണ്ടാം ഏകദിന മത്സരത്തിലും അര്‍ദ്ധ ശതകം നേടുവാന്‍ കാംഫെറിന് കഴിഞ്ഞുവെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് മികവാര്‍ന്ന പോരാട്ടം ഉയരാതിരുന്നപ്പോള്‍ അയര്‍ലണ്ടിന് ആദ്യം ബാറ്റ് ചെയ്ത് 212 റണ്‍സ് നേടി.

ഒരു ഘട്ടത്തില്‍ 44/4 എന്ന നിലയിലേക്ക് വീണ അയര്‍ലണ്ടിന് വേണ്ടി ഹാരി ടെക്ടര്‍(28), ലോര്‍കാന്‍ ടക്കര്‍(21), സിമി സിംഗ് എന്നിവര്‍ കാംഫെറിന് ഒപ്പം നടത്തിയ ചെറുത്ത് നില്പാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

ഇന്നിംഗ്സിന്റെ അവസാനത്തോടെ കാംഫെര്‍ ആന്‍ഡി മക്ബ്രൈനുമായി ചേര്‍ന്ന് നേടിയ 56 റണ്‍സ് കൂട്ടുകെട്ടാണ് 200 കടക്കുവാന്‍ അയര്‍ലണ്ടിനെ സഹായിച്ചത്. ആദ്യ മത്സരത്തില്‍ നിന്ന് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് അയര്‍ലണ്ട് പുറത്തെടുത്തത്. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലണ്ട് 212 റണ്‍സ് നേടിയത്.

കര്‍ടിസ് കാംഫെര്‍ 68 റണ്‍സും ആന്‍ഡി മക്ബ്രൈന്‍ 24 റണ്‍സും നേടി. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നും ഡേവിഡ് വില്ലി, സാഖിബ് മഹമ്മൂദ് എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

Advertisement