ദക്ഷിണാഫ്രിക്കയിലെ പുതിയ ടി20 ലീഗിൽ ഐപിഎൽ ടീമുകള്‍ക്കും താല്പര്യം, ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും രംഗത്ത്

Sports Correspondent

ഐപിഎൽ ടീമുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഫ്രാഞ്ചൈസികള്‍ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പുതിയ ടി20 ലീഗിൽ താല്പര്യം പ്രകടിപ്പിക്കുന്നുവെന്ന് സൂചന. മുന്‍ ഐപിഎൽ സിഒഒ സുന്ദര്‍ രാമന്‍ ലീഗുമായി സഹകരിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. പുതിയ ടി20 ലീഗിന്റെ സംഘാടകരായ കമ്പനിയിൽ സുന്ദര്‍ രാമന് 12.5% ഷെയര്‍ ലഭ്യമാണെന്നാണ് അറിയുന്നത്.

ഈ കമ്പനിയിൽ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ിന് 57.5 ശതമാനവും സൂപ്പര്‍സ്പോര്‍ട്ടിന് ബാക്കി 30 ശതമാനവും ആണ് ഷെയര്‍. 2023 ജനുവരിയിൽ ആരംഭിയ്ക്കുവാനിരിക്കുന്ന ടൂര്‍ണ്ണമെന്റിൽ 6 ടീമുകളാണ് ഉണ്ടാകുക. രാജസ്ഥാന്‍ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്ക് പുറമെ കെവിന്‍ പീറ്റേഴ്സൺ നയിക്കുന്ന കൺസോര്‍ഷ്യവും ഫ്രാഞ്ചൈസിയ്ക്കായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.