ആവേശം അവസാന പന്ത് വരെ, ഒരു റൺസ് വിജയവുമായി സെയിന്റ് ലൂസിയ കിംഗ്സ്

അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി 1 റൺസ് വിജയം നേടി സെയിന്റ് ലൂസിയ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ കിംഗ്സ് 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളു.

അവസാന ഓവറിൽ 22 റൺസായിരുന്നു വിജയത്തിനായി ട്രിന്‍ബാഗോ നേടേണ്ടിയിരുന്നത്. റസ്സൽ അവസാന മൂന്ന് പന്തിൽ ഒരു ഫോറും രണ്ട് സിക്സും നേടിയെങ്കിലും ആദ്യ മൂന്ന് പന്തിൽ വലിയ ഷോട്ടുകള്‍ ട്രിന്‍ബാഗോയ്ക്ക് നേടാന്‍ സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി.

ആന്‍ഡ്രേ റസ്സൽ 11 പന്തിൽ 23 റൺസും സുനിൽ നരൈന്‍ 14 പന്തിൽ 19 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ കീറൺ പൊള്ളാര്‍ഡ്(34), ടിം സീഫെര്‍ട്(44) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 3 വിക്കറ്റ് നേടി റോസ്ടൺ ചേസ് കിംഗ്സിനായി ബൗളിംഗിൽ തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ജോൺസൺ ചാള്‍സ്(54), ഡേവിസ് വീസ്(14 പന്തിൽ 33) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 147 റൺസ് നേടിയത്.