മുഹമ്മദ് ഇര്‍ഫാന്റെ മാന്ത്രിക സ്പെല്ലിനും ബാര്‍ബഡോസിനെ ജയിപ്പിക്കാനായില്ല

- Advertisement -

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018ലെ 16ാം മത്സരത്തില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനു ജയം. ബാര്‍ബഡോസിനു വേണ്ടി മാന്ത്രിക സ്പെല്ലുമായി മുഹമ്മദ് ഇര്‍ഫാന്‍ രംഗത്തെത്തിയെങ്കിലും ബാറ്റ്സ്മാന്മാര്‍ നല്‍കിയ സ്കോര്‍ തീരെ ചെറുതായിരുന്നതിനാല്‍ പാട്രിയറ്റ്സ് 18.5 ഓവറില്‍ അത് മറികടക്കുകയായിരുന്നു. തന്റെ നാലോവറില്‍ നിന്ന് ഒരു റണ്‍സ് മാത്രം വിട്ടു നല്‍കി മുഹമ്മദ് ഇര്‍ഫാന്‍ 2 വിക്കറ്റാണ് നേടിയത്. 3 മെയിഡനുകള്‍ അടങ്ങിയ സ്പെല്ലിന്റെ പേരില്‍ മുഹമ്മദ് ഇര്‍ഫാന്‍ ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡന്റ്സ് 20 ഓവറില്‍ നിന്ന് 147/6 എന്ന സ്കോര്‍ നേടുകയായിരുന്നു. ടീം ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ 35 പന്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ ഷായി ഹോപ് 26 റണ്‍സ് നേടി. ബെന്‍ കട്ടിംഗ്, ആന്റണ്‍ ഡെവ്സിച്ച് എന്നിവര്‍ രണ്ടും ഷെല്‍ഡണ്‍ കോട്രെല്‍ ഒരു വിക്കറ്റും പാട്രിയറ്റ്സിനു വേണ്ടി നേടി.

ആദ്യ പന്തില്‍ ക്രിസ് ഗെയിലിനെയും മൂന്നാം ഓവറില്‍ എവിന്‍ ലൂയിസിനെയും പുറത്താക്കി ഇര്‍ഫാന്‍ പാട്രിയറ്റ്സിനെ 7/2 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയെങ്കിലും ബ്രണ്ടന്‍ കിംഗ്-ഡെവണ്‍ തോമസ് കൂട്ടുകെട്ട് 88 റണ്‍സ് നേടി പാട്രിയറ്റ്സിനെ തിരികെ ട്രാക്കിലാക്കി. ഡെവണ്‍ തോമസ് 32 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ടന്‍ കിംഗ് 60 റണ്‍സ് നേടി പുറത്തായി. ബെന്‍ കട്ടിംഗ് 29 റണ്‍സും ടോം കൂപ്പര്‍ 13 റണ്‍സും നേടി വിജയ സമയത്ത് പുറത്താകാതെ നിന്നു.

Advertisement