185 റണ്‍സ് പിന്തുടര്‍ന്ന് ലക്ഷ്യം മറികടക്കുവാനുള്ള അവസരം അവസാന നിമിഷം നഷ്ടപ്പെടുത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനു സൂപ്പര്‍ ഓവറില്‍ വിജയം. പതിനൊന്ന് റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 7 റണ്‍സ് മാത്രം വിട്ട് നല്‍കിയ കാഗിസോ റബാഡയാണ് കളി തിരിച്ച് പിടിച്ചത്.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയ്ക്കായി ഋഷഭ് പന്തും ശ്രേയസ്സ് അയ്യരുമാണ് ക്രീസിലെത്തിയത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഓവറില്‍ നിന്ന് ഡല്‍ഹി 10 റണ്‍സാണ് നേടിയത്. ആദ്യ പന്തില്‍ പന്ത് സിംഗിള്‍ എടുത്തപ്പോള്‍ രണ്ടാം പന്ത് ശ്രേയസ്സ് അയ്യര്‍ ബൗണ്ടറി പായിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ കൂറ്റനടിയ്ക്ക് ശ്രമിച്ച് അയ്യര്‍ പുറത്തായി. പൃഥ്വി ഷായാണ് പകരം ക്രീസിലെത്തിയത്. അടുത്ത പന്തില്‍ രണ്ട് റണ്‍സാണ് ഡല്‍ഹിയ്ക്ക് നേടാനായത്. ഡല്‍ഹിയുടെ ഇന്നിംഗ്സ് കഴിഞ്ഞപ്പോള്‍ 10 റണ്‍സാണ് ടീം നേടിയത്.
ഡല്‍ഹിയ്ക്കായി കാഗിസോ റബാഡയാണ് ബൗളിംഗ് ദൗത്യം ഏറ്റെടുത്തത്. ദിനേശ് കാര്‍ത്തിക്കും ആന്‍ഡ്രേ റസ്സലുമാണ് കൊല്‍ക്കത്തയ്ക്കായി സൂപ്പര്‍ ഓവറില്‍ കളത്തിലിറങ്ങിയത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി റസ്സല്‍ തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. എന്നാല്‍ അടുത്ത പന്തില്‍ മികച്ചൊരു യോര്‍ക്കറിലൂടെ റബാഡ ശക്തമായ തിരിച്ചുവരവ് നടത്തി. അടുത്ത പന്തില്‍ തകര്‍പ്പന്‍ യോര്‍ക്കറിലൂടെ റസ്സലിന്റെ കുറ്റിത്തെറിപ്പിച്ച് റബാഡ മത്സരം കൂടുതല്‍ ആവേശകരമാക്കി.
അടുത്ത പന്തില്‍ റോബിന്‍ ഉത്തപ്പ ഒരു സിംഗിള്‍ എടുത്ത് സ്ട്രൈക്ക് ദിനേശ് കാര്‍ത്തിക്കിനു നല്‍കിയെങ്കിലും അടുത്ത രണ്ട് പന്തിലും സിംഗിളുകള്‍ മാത്രം വിട്ട് നല്‍കി റബാഡ ടീമിനു ജയം നല്‍കി.