ഇനി ഫൈനൽ പോരാട്ടം!!! ബാര്‍ബഡോസും ജമൈക്കയും തമ്മിൽ

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ബാര്‍ബഡോസ് റോയൽസിനെ ജമൈക്ക തല്ലാവാസ് നേരിടും. സെയിന്റ് ലൂസിയ കിംഗിനെ എലിമിനേറ്ററിലും ഗയാന ആമസോൺ വാരിയേഴ്സിനെ രണ്ടാം ക്വാളിഫയറിലും പരാജയപ്പെടുത്തിയാണ് ജമൈക്ക ഫൈനലില്‍ കടന്നത്.

ഇന്നലെ ഗയാനയ്ക്കെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടിയ ശേഷം 37 റൺസ് വിജയം ആണ് ജമൈക്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത് 52 പന്തിൽ 109 റൺസ് നേടിയ ഷമാര്‍ ബ്രൂക്ക്സിന്റെയും 15 പന്തിൽ 41 റൺസ് നേടിയ ഇമാദ് വസീമിന്റെയും ഒപ്പം റോവ്മന്‍ പവൽ(37) മികച്ച് നിന്നപ്പോള്‍ 226/4 എന്ന കൂറ്റന്‍ സ്കോറാണ് തല്ലാവാസ് നേടിയത്.

എതിരാളികളെ 189/8 എന്ന സ്കോറിൽ ഒതുക്കി 37 റൺസ് ജയം നേടിയപ്പോള്‍ ക്രിസ് ഗ്രീനും ഇമാദ് വസീമും രണ്ട് വീതം വിക്കറ്റ് നേടി തിളങ്ങി. 56 റൺസ് നേടിയ കീമോ പോള്‍ ആണ് ഗയാനയുടെ ടോപ് സ്കോറര്‍. ഒഡിയന്‍ സ്മിത്ത് 14 പന്തിൽ 24 റൺസും ഗുദകേഷ് മോട്ടി 13 പന്തിൽ 22 റൺസും നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം വലുതായിരുന്നു.