തുടങ്ങിയത് പോലെത്തന്നെ അവസാനിപ്പിച്ചും കുക്ക്

കെന്നിംഗ്ടണ്‍ ഓവലിലെ തന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ശതകം നേടിയതോടെ അലിസ്റ്റര്‍ കുക്ക് അത്യപൂര്‍വമായ ഒരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. അരങ്ങേറ്റത്തിലും വിടവാങ്ങലിലും ശതകം നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് കുക്ക് നാലാം ദിവസത്തെ തന്റെ പ്രകടനത്തിലൂടെ കുറിച്ചിരിക്കുന്നത്. റെഗ്ഗി ഡഫ്, ബില്‍ പോന്‍സ്ഫോര്‍ഡ്, ഗ്രെഗ് ചാപ്പല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുടെ പട്ടികയിലേക്ക് തന്റെ പേരും കുക്ക് ചേര്‍ക്കുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ അരങ്ങേറ്റം നടത്തിയ കുക്ക് 2006ല്‍ ശതകം നേടിയിരുന്നു. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയ്ക്കെതിരെ തന്നെ ശതകവുമായി കുക്ക് തന്റെ വിടവാങ്ങലും പ്രഖ്യാപിക്കുകയാണ്.

21 വയസ്സുകാരന്‍ കുക്ക് നാഗ്പൂരില്‍ ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകവും രണ്ടാം ഇന്നിംഗ്സില്‍ ശതകവും നേടിയാണ് കരിയര്‍ ആരംഭിച്ചതെങ്കില്‍ സമാനമായ രീതിയില്‍ കെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ത്യയ്ക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകവും രണ്ടാം ഇന്നിംഗ്സില്‍ ശതകവും നേടിയാണ് വിട പറയുന്നതും.

ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചാമത്തെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനും കുക്ക് തന്നെയാണ്. ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള കുക്ക് തന്റെ 161ാം ടെസ്റ്റ് മത്സരത്തിലാണ് ഇപ്പോള്‍ കളിക്കുന്നത്.

Previous articleപരിക്ക്, ഏഷ്യ കപ്പില്‍ നിന്ന് പിന്മാറി ശ്രീലങ്കയുടെ മുന്‍ നിര താരം
Next articleഗുഡ്ബൈ ഷെഫ്