കുക്കിനു വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല: മൈക്കിള്‍ ക്ലാര്‍ക്ക്

ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തിനു അര്‍ഹിക്കുന്ന ബഹുമാനം കിട്ടിയില്ലെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. അലിസ്റ്റര്‍ കുക്കിനെ മാന്യമായ പ്രവൃത്തിയുടെ ഉടമയെന്നും ക്രിക്കറ്റിന്റെ മികച്ച അംബാസിഡര്‍ എന്നും വിശേഷിപ്പിച്ച ക്ലാര്‍ക്ക് താരം ഒരിക്കലും വിവാദങ്ങളില്‍ പെട്ടിരുന്നില്ലെന്നും പറഞ്ഞു. ഗ്രൗണ്ടിലായാലും പുറത്തായാലും അധികം വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത താരമായിരുന്നു കുക്കെന്നും തന്റെ കളിയുടെ പേരില്‍ മാത്രം മാധ്യമങ്ങളില്‍ തന്റെ സാന്നിധ്യം തെളിയിച്ച വ്യക്തിയാണ് കുക്കെന്നും ക്ലാര്‍ക്ക് പറഞ്ഞു.

എന്നാല്‍ കുക്കിന്റെ സേവനങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചുവോയെന്ന് തനിക്ക് സംശയമുണ്ടെന്ന് ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. ലോകത്ത് വിവിധ പിച്ചുകളിലും മത്സര സാഹചര്യങ്ങളിലും റണ്‍സ് കണ്ടെത്തിയ താരമാണ് കുക്ക്, എന്നാല്‍ അത് വേണ്ടത്ര രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടോയെന്ന് തനിക്ക് സംശയമുണ്ടെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.