മാക്സ്വെല്ലിനെ തിരഞ്ഞെടുക്കാത്തതില്‍ ആശ്ചര്യം തോന്നുന്നു: റിക്കി പോണ്ടിംഗ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഗ്ലെന്‍ മാക്സ്വെല്ലിനെ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. പാക്കിസ്ഥാനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള ടീമില്‍ അഞ്ച് പുതുമുഖ താരങ്ങളെ ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിലെ ത്രയങ്ങളുടെ വിലക്ക് തുടരുന്നതിനാല്‍ മാക്സ്വെല്‍ ടീമിലേക്ക് എത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഓസ്ട്രേലിയന്‍ സെലക്ടര്‍മാരുടെ തീരുമാനം ഞെട്ടിക്കുന്നതായിരുന്നു.

ഈ പുതുമുഖ താരങ്ങളെ തിരഞ്ഞെടുക്കുവാനുള്ള കാരണം അവരുടെ എ ടീമിലെ പ്രകടനമാണെന്നാണ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ട്രെവര്‍ ഹോണ്‍സ് വ്യക്തമാക്കിയത്. എന്നാല്‍ ഓസ്ട്രേലിയ എ ടീമിലേക്കും മാക്സ്വെല്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. ഓസ്ട്രേലിയ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ച റിക്കി പോണ്ടിംഗ് പറഞ്ഞത് എ ടൂറില്‍ മാക്സ്വെല്ലിനു അവസരം നല്‍കേണ്ടതായിരുന്നുവെന്നാണ്. അത് നല്‍കാതെ താരത്തിനെ ഒഴിവാക്കുന്നത് നീതിയാണോയെന്ന് തനിക്ക് ഉറപ്പില്ലെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

ഞാനായിരുന്നു മാക്സ്വെല്ലിന്റെ സ്ഥാനത്തെങ്കില്‍ തനിക്ക് എന്ത് കൊണ്ട് അവസരം നിഷേധിക്കപ്പെട്ടുവെന്ന ചോദ്യം ചോദിച്ചേനെയെന്നും റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു. മാക്സ്വെല്ല് ടെസ്റ്റ് ക്രിക്കറ്റിനു പരിഗണിക്കപ്പെടുവാനുള്ള റഡാറിലാണെന്ന് ട്രെവര്‍ ഹോണ്‍സ് പറഞ്ഞപ്പോള്‍ ജസ്റ്റിന്‍ ലാംഗര്‍ മാക്സ്വെല്ലിനോട് ആവശ്യപ്പെട്ടത് ഇനിയും ശതകങ്ങള്‍ നേടുവാനാണ്.