ഏകദിന സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ആമി ഹണ്ടർ, മിതാലി രാജിന്റെ റെക്കോർഡ് മറികടന്നു

അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അയർലണ്ട് താരം ആമി ഹണ്ടർ മാറി. ഹരാരെയിൽ നടന്ന സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു ആമിയുടെ സെഞ്ച്വറി. 121 റൺസിന്റെ തകർപ്പൻ ഇന്നിങ്സോടെ ആണ് ആമി ഹണ്ടർ തന്റെ 16 -ാം ജന്മദിനം ആഘോഷിച്ചത്. ആമിയുടെ നാലാം ഏകദിന മത്സരം മാത്രമായിരുന്നു ഇത്. പുരുഷ ക്രിക്കറ്റിലും വനിതാ ക്രിക്കറ്റിലും ഇത് റെക്കോർഡാണ്.

1999 ൽ 16 വയസ്സ് 205 ദിവസം പ്രായം ആയിരുന്നപ്പോൾ സെഞ്ച്വറി നേടിയ ഇന്ത്യയുടെ മിതാലി രാജിന്റെ റെക്കോർഡ് ആണ് ആമി പഴങ്കഥ ആക്കി മാറ്റിയത്. 127 പന്തിൽ എട്ട് ഫോറുകൾ അടങ്ങുന്നത് ആയിരുന്നു ആമിയുടെ ഇന്നിങ്സ്. ഈ മത്സരത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാൻ അയർലണ്ടിനായി.