ഗോളടിച്ച് ആറാടി ഹോളണ്ട് !

ലോകകപ്പ് യോഗ്യത മത്സരത്തിൽ വമ്പൻ ജയവുമായി ഹോളണ്ട്. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ജിബ്രാൾട്ടാറിനെ പരാജയപ്പെടുത്തിയത്. മെംഫിസ് ഡിപായ് ഇരട്ട ഗോളുകളടിച്ച് ഹോളണ്ടിന്റെ ജയത്തിന് ചുക്കാൻ പിടിച്ചു. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ഗോളുകളുടെ എണ്ണം ഒൻപതായി ഡിപായ് ഉയർത്തി. വിർജിൽ വാൻഡൈക്ക്, മെംഫിസ് ഡിപായ് എന്നിവർ ആദ്യ പകുതിയിൽ ഗോളടിച്ചപ്പോൾ ഡെൻസിൽ ഡംഫ്രിസ്,അർനോട്ട് ഡാഞ്ചുമ, ഡോന്യൽ മലെൻ എന്നിവർ രണ്ടാം പകുതിയിൽ ഗോളടിച്ചു.

ഇന്നത്തെ ജയം ഹോളണ്ടിന് ഗ്രൂപ്പ് ജിയിൽ രണ്ട് പോയന്റിന്റെ ലീഡ് നൽകി. മോണ്ടെനെഗ്രോയോടേയും നോർവേയോടുമാണ് ഇനി ഹോളണ്ടിന്റെ ബാക്കിയുള്ള മത്സരങ്ങൾ. വെറ്ററൻ പരിശീലകൻ ലൂയിസ് വാൻ ഗാലിന്റെ കീഴിൽ ഹോളണ്ടിന്റെ തുടർച്ചയായ നാലം ജയമാണിത്. യൂറോയിലെ പരാജയത്തിന് ശേഷം ഫ്രാങ്ക് ഡെ ബോറിൽ നിന്നുമാണ് ലൂയിസ് വാൻ ഗാൽ പരിശീലക സ്ഥാനം ഏറ്റെടുത്തത്.