സഞ്ജുവിന്റെ ഇന്ത്യന്‍ ജഴ്സി സ്വപ്നങ്ങള്‍ അവസാനിച്ചുവോ?

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ ജഴ്സിയിൽ മികവ് പുലര്‍ത്താനാകാതെ സഞ്ജു സാംസൺ വീണ്ടും പുറത്താകുമ്പോള്‍ താരത്തിന്റെ ഇന്ത്യന്‍ ജഴ്സി സ്വപ്നങ്ങള്‍ ഏകദേശം അവസാനിച്ചുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മൂന്ന് ഫോര്‍മാറ്റും കളിക്കുന്ന സീനിയര്‍ താരങ്ങള്‍ ഇല്ലാതെ ലങ്കയിലെത്തിയ ഇന്ത്യന്‍ ടീമിലെ ബാറ്റിംഗിൽ പ്രധാനിയായിരുന്നു സഞ്ജു.

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിൽ പരിക്ക് കാരണം സഞ്ജുവിന് അവസരം ലഭിയ്ക്കാതെ വന്നപ്പോള്‍ മൂന്നാം മത്സരത്തിൽ സഞ്ജു സാംസൺ 46 റൺസ് നേടി. തനിക്ക് കൂടുതൽ ഇണങ്ങുന്ന ടി20 ഫോര്‍മാറ്റിൽ താരത്തിന് ലഭിച്ച മൂന്ന് അവസരങ്ങളിലും സഞ്ജു നിലയുറപ്പിക്കുവാനാകാതെ മടങ്ങുക കൂടിയായപ്പോള്‍ സഞ്ജുവിന്റെ ഇന്ത്യന്‍ ജഴ്സിയിലെ സ്വപ്നങ്ങള്‍ക്ക് അവസാനമായിയെന്നാണ് കടുത്ത ആരാധകര്‍ പോലും വിലയിരുത്തുന്നത്.

മൂന്ന് മത്സരത്തിലും സഞ്ജു സ്പിന്നര്‍ക്ക് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. ആദ്യ മത്സരത്തിൽ 27 റൺസ് നേടിയ താരത്തെ വനിന്‍ഡു ഹസരംഗ പുറത്താകുകയായിരുന്നു. തനിക്ക് ലഭിച്ച അവസരം പതിവ് പോലെ മുതലാക്കാനാകാതെ സഞ്ജു മടങ്ങുന്ന കാഴ്ച നിരാശയോടെയാണ് ആരാധകര്‍ കണ്ടത്.

രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിൽ പ്രധാന താരങ്ങളില്ലാതെ വന്നപ്പോള്‍ ടോപ് ഓര്‍ഡറിൽ ഏറ്റവും പരിചയസമ്പത്തുള്ള രണ്ട് താരങ്ങളിൽ ഒരാള്‍ സഞ്ജുവായിരുന്നു. എന്നാൽ ഇരു മത്സരങ്ങളിലും താരം മികവ് പുലര്‍ത്താനാകാതെ പുറത്തായപ്പോള്‍ ടീമിനായുള്ള സംഭാവന 7 റൺസും പൂജ്യവുമായിരുന്നു. അകില ധനന്‍‍ജയ, വനിന്‍ഡു ഹസരംഗ എന്നിവരാണ് സഞ്ജുവിനെ പുറത്താക്കിയത്.

സഞ്ജുവിന്റെ 9 ഇന്നിംഗ്സുകളിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഈ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 27 റൺസ്. അതിന് മുമ്പ് 23, 19 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ മികച്ച ബാറ്റിംഗ് പ്രകടനങ്ങള്‍.

മികച്ച പ്രതിഭയായ സഞ്ജു ഇനി ഐപിഎൽ ഹീറോ ആയി മാത്രമവസാനിക്കുമോ അതോ താരത്തിനെ തേടി ഇന്ത്യന്‍ ജഴ്സി ഇനിയും എത്തുമോ എന്ന കുഴക്കുന്ന ചോദ്യമാവും ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍.

സഞ്ജുവിന്റെ ഭാവിയെന്താകുമെന്ന് ഏവരും ഇനി കാത്തിരുന്ന് കാണുക തന്നെ ശരണം.