സിമോണ ബൈൽസിന്റെ അഭാവത്തിലും ജിംനാസ്റ്റിക് ഓൾ റൗണ്ട് സ്വർണം നിലനിർത്തി അമേരിക്ക

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇതിഹാസ താരം സിമോണ ബൈൽസ് മാനസിക ആരോഗ്യം കണക്കിലെടുത്ത് പിന്മാറിയിട്ടും വ്യക്തിഗത ജിംനാസ്റ്റിക് ഓൾ റൗണ്ട് സ്വർണം നിലനിർത്തി അമേരിക്ക. ഇത് തുടർച്ചയായ അഞ്ചാം തവണയാണ് തങ്ങളുടെ കുത്തകയായി അമേരിക്ക സൂക്ഷിക്കുന്ന ഇനത്തിൽ അവർ സ്വർണം നേടുന്നത്. അമേരിക്കക്ക് ആയി യോഗ്യതയിൽ ഒന്നാമത് തന്നെ ഉണ്ടായിരുന്ന സുനിസ ലീ തന്നെയാണ് അമേരിക്കക്ക് സ്വർണം സമ്മാനിച്ചത്.

18 കാരിയായ സുനിസ ലീയുടെ ആദ്യ ഒളിമ്പിക് സ്വർണം ആണിത്. വോൾട്ടിൽ 14.600, പാരലൽ ബാറിൽ 15.300, ബാലൻസ് ബീമിൽ 13.833, ഫ്ലോറിൽ 13.700 എന്നീ സ്കോറുകൾ നേടിയ ലീ മൊത്തം 57.433 പോയിന്റുകൾ ആണ് നേടിയത്. ലീക്ക് കടുത്ത വെല്ലുവിളിയാണ് വെള്ളി നേടിയ ബ്രസീൽ താരം 22 കാരി റെബേക്ക ആംദ്രഡ ഉയർത്തിയത്. ഒളിമ്പിക്‌സിൽ ജിംനാസ്റ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ബ്രസീൽ താരമായ റെബേക്ക 57.298 പോയിന്റുകൾ ആണ് നേടിയത്. അതേസമയം അതിലും നേരിയ വ്യത്യാസത്തിൽ ആണ് റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ ആഞ്ചലീന മെലിങ്കോവ വെങ്കലത്തിൽ ഒതുങ്ങിയത്. 57.199 പോയിന്റുകൾ ആണ് ആഞ്ചലീന നേടിയത്.