മുന്നൂറടിച്ച് അയര്‍ലണ്ട്, പക്ഷേ വിജയം ഇല്ല, വാലറ്റത്തോടൊപ്പം നിന്ന് ന്യൂസിലാണ്ട് വിജയം നേടിയത് മൈക്കൽ ബ്രേസ്‍വെല്ലിന്റെ ശതതകത്തിന്റെ ബലത്തിൽ

ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ മികച്ച സ്കോര്‍ നേടിയെങ്കിലും വിജയം നേടാനാകാതെ അയര്‍ലണ്ട്. മത്സരത്തിൽ 1 വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട് തടിതപ്പുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 300/9 എന്ന സ്കോര്‍ നേടിയപ്പോള്‍ വാലറ്റത്തോടൊപ്പം പുറത്താകാതെ 127 റൺസ് നേടിയ മൈക്കൽ ബ്രേസ്‍വെല്ലിന്റെ ഇന്നിംഗ്സ് ആണ് ന്യൂസിലാണ്ടിന്റെ തുണയ്ക്കെത്തിയത്.

അവസാന ഓവറിൽ 20 റൺസ് വേണ്ടപ്പോള്‍ ബ്രേസ്വെൽ മൂന്ന് ഫോറും 2 സിക്സും നേടിയാണ് അയര്‍ലണ്ടിന്റെ പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞത്.

217/8 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് വീണ ശേഷം ബ്രേസ്‍വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് കണ്ടത്. ന്യൂസിലാണ്ടിനായി മാര്‍ട്ടിന്‍ ഗപ്ടിൽ 51 റൺസും ഗ്ലെന്‍ ഫിലിപ്പ്സ് 38 റൺസും നേടി. ഇഷ് സോധി നിര്‍ണ്ണായകമായ 25 റൺസ് നേടിയപ്പോള്‍ ടോം ലാഥം 23 റൺസ് നേടി. അയര്‍ലണ്ടിനായി കര്‍ടിസ് കാംഫര്‍ മൂന്നും മാര്‍ക്ക് അഡൈര്‍ രണ്ടും വിക്കറ്റ് നേടി. ഒരു പന്ത് അവശേഷിക്കെ ഒരു വിക്കറ്റ് കൈവശമുള്ളപ്പോളായിരുന്നു ന്യൂസിലാണ്ടിന്റെ വിജയം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് ഹാരി ടെക്ടര്‍ നേടിയ 113 റൺസിന്റെ ബലത്തിൽ 300 റൺസ് നേടുകയായിരുന്നു.കര്‍ടിസ് കാംഫര്‍(43), സിമി സിംഗ്(30), ആന്‍ഡി മക്ബ്രൈന്‍(39) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസൺ, ഇഷ് സോധി, ബ്ലെയര്‍ ടിക്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.