ഏകദിനത്തിൽ മേൽക്കൈയുമായി ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസിനെതിരെ 6 വിക്കറ്റ് വിജയം

Westindiesbangladesh

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിൽ വിജയം ഒരുക്കി ബംഗ്ലാദേശ് ബൗളര്‍മാര്‍. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ 149/9 എന്ന നിലയിലേക്ക് എറിഞ്ഞൊതുക്കുകയായിരുന്നു ബംഗ്ലാദേശ്. മഴ കാരണം 41 ഓവറായി മത്സരം ചുരുക്കിയിരുന്നു.

ഷൊറിഫുള്‍ ഇസ്ലാം നാലും മെഹ്ദി ഹസന്‍ മൂന്നും വിക്കറ്റ് ബംഗ്ലാദേശിനായി നേടിയപ്പോള്‍ 33 റൺസ് നേടിയ ഷമാര്‍ ബ്രൂക്ക്സ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. പത്താം വിക്കറ്റിൽ ആന്‍ഡേഴ്സൺ ഫിലിപ്പ്സ്(21*) – ജെയ്ഡന്‍ സീൽസ്(16*) കൂട്ടുകെട്ട് നേടിയ 39 റൺസാണ് വിന്‍ഡീസിനെ വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്.

41 റൺസുമായി മഹമ്മുദുള്ള പുറത്താകാതെ നിന്നപ്പോള്‍ 37 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും 33 റൺസ് നേടി തമീം ഇക്ബാലും ആണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 20 റൺസ് നേടി നൂറുള്‍ ഹസന്‍ മഹമ്മുദുള്ളയ്ക്ക് മികച്ച പിന്തുണ നൽകി. 31.5 ഓവറിലാണ് ബംഗ്ലാദേശ് വിജയം കുറിച്ചത്.