സെഞ്ചൂറിയണിലെ രണ്ടാം ദിവസം ബൗളര്‍മാരുടെ പടയോട്ടം

Sports Correspondent

സെഞ്ചൂറിയണില്‍ ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസം വീണത് 15 വിക്കറ്റുകളാണ്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സിലെ അവസാന വിക്കറ്റും രണ്ടാം ഇന്നിംഗ്സിലെ നാല് വിക്കറ്റും ഇംഗ്ലണ്ട് ബൗളര്‍മാര്‍ പിഴുതെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെ 181 റണ്‍സിന് ഓള്‍ഔട്ട് ആക്കി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും മേല്‍ക്കൈ നേടി. 284 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് ഇംഗ്ലണ്ട് അവസാനിപ്പിച്ചുവെങ്കിലും വെറും 181 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയതോടെ മത്സരത്തില്‍ 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ദക്ഷിണാഫ്രിക്ക നേടി.

50 റണ്‍സ് നേടിയ ജോ ഡെന്‍ലിയും 35 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സും മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതി നോക്കിയത്. വെറോണ്‍ ഫിലാന്‍ഡര്‍ നാലും കാഗിസോ റബാഡ മൂന്നും വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റാണ് 72 റണ്‍സ് നേടുന്നതിനിടെ നഷ്ടമായത്. ഡീന്‍ എല്‍ഗാര്‍(22), ഫാഫ് ഡു പ്ലെസി(20), എയ്ഡന്‍ മാര്‍ക്രം, സൂബൈര്‍ ഹംസ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ജോഫ്ര ആര്‍ച്ചര്‍ രണ്ടും ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട് ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി 17 റണ്‍സുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും 4 റണ്‍സ് നേടിയ ആന്‍റിച്ച് നോര്‍ട്ജേയുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ 175 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കിപ്പോളുള്ളത്.