അഞ്ച് വിക്കറ്റുമായി ട്രെന്റ് ബോള്‍ട്ട്, ഇംഗ്ലണ്ടിന്റെ ലീഡ് മോഹങ്ങള്‍ക്ക് തിരിച്ചടി

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തി ന്യൂസിലാണ്ട്. മത്സരത്തിന്റെ നാലാം ദിവസം ന്യൂസിലാണ്ട് ട്രെന്റ് ബോള്‍ട്ടിന്റെ 5 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഇംഗ്ലണ്ടിനെ 539 റൺസിൽ ഓള്‍ഔട്ട് ആക്കി 14 റൺസിന്റെ നേരിയ ലീഡ് സ്വന്തമാക്കുകയായിരുന്നു. മൈക്കൽ ബ്രേസ്വെൽ മൂന്ന് വിക്കറ്റ് നേടി.

ഇംഗ്ലണ്ട് അനായാസം ലീഡിലേക്ക് എത്തുമെന്ന കരുതിയ നിമിഷത്തിലാണ് സ്കോര്‍ 516ൽ നില്‍ക്കവേ ജോ റൂട്ടിനെ ഇംഗ്ലണ്ടിന് നഷ്ടമായത്. 176 റൺസ് നേടിയ റൂട്ടിനെ ബോള്‍ട്ടാണ് പുറത്താക്കിയത്.

ആറാം വിക്കറ്റിൽ 111 റൺസാണ് റൂട്ടും ബെന്‍ ഫോക്സും ചേര്‍ന്ന് നേടിയത്. ബ്രോഡിനെ ബ്രേസ്വെൽ പുറത്താക്കിയപ്പോള്‍ ബെന്‍ ഫോക്സ് റണ്ണൗട്ടായി പുറത്തായി. 56 റൺസാണ് ഫോക്സ് നേടിയത്.