74നു ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍, ന്യൂസിലാണ്ടിനു 183 റണ്‍സ് വിജയം

- Advertisement -

ഡുണേഡിനില്‍ കൂറ്റന്‍ വിജയവുമായി ന്യൂസിലാണ്ട്. പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തിലാണ് 183 റണ്‍സിന്റെ വിജയം ന്യൂസിലാണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 257 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 74 റണ്‍സിനു ഓള്‍ഔട്ട് ആയി. 5 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗള്‍ട്ടാണ് പാക് നിരയുടെ അന്തകനായി മാറിയത്. ബൗള്‍ട്ട് തന്നെയാണ് കളിയിലെ താരവും. വിജയത്തോടെ പരമ്പര ന്യൂസിലാണ്ട് സ്വന്തമാക്കി.

ഇന്ന് ടോസ് നേടിയ ന്യൂസിലാണ്ട് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കെയിന്‍ വില്യംസണ്‍(73), റോസ് ടെയിലര്‍(52) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും മാര്‍ട്ടിന്‍ ഗുപ്ടില്‍(45), ടോം ലാഥം(35) എന്നിവരുടെ സംഭാവനകളുമുണ്ടായിരിന്നുവെങ്കിലും പാക് ബൗളര്‍മാര്‍ ന്യൂസിലാണ്ടിനെ 257 റണ്‍സിനു പുറത്താക്കുകയായിരുന്നു. 209/3 എന്ന നിലയില്‍ നിന്ന് ടീം 257 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

റുമ്മാന്‍ റയീസ്, ഹസന്‍ അലി എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്തത്തിയപ്പോള്‍ ഷദബ് ഖാന്‍ 2 വിക്കറ്റും ഫഹീം അഷ്റഫ് ഒരു വിക്കറ്റും നേടി.

പാക് ബാറ്റിംഗ് നിരയെ അക്ഷരാര്‍ത്ഥത്തില്‍ ട്രെന്റ് ബൗള്‍ട്ട് കടപുഴകുകയായിരുന്നു. 32/8 എന്ന നിലയിലേക്ക് വീണ് ടീമിനെ 9-10 വിക്കറ്റുകളില്‍ വാലറ്റം നടത്തിയ ചെറുത്ത് നില്പാണ് 74 എന്ന സ്കോറിലേക്ക് എത്തിുവാന്‍ സഹായിച്ചത്. രണ്ട് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് മുന്‍ നിര ബാറ്റ്സ്മാന്മാരെ നഷ്ടമായ പാക്കിസ്ഥാന്‍ പിന്നീട് മത്സരത്തില്‍ ഒരിക്കല്‍ പോലും പൊരുതുവാന്‍ പോലും ശ്രമിച്ചില്ല. ഒമ്പതാം വിക്കറ്റില്‍ 20 റണ്‍സും പത്താം വിക്കറ്റില്‍ 22 റണ്‍സും നേടിയ വാലറ്റമാണ് പാക്കിസ്ഥാനെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത്.

റുമ്മാന്‍ റയീസ് 16 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മുഹമ്മദ് അമീര്‍ 14 റണ്‍സ് നേടി. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് 14 റണ്‍സുമായി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement