പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ വീഴ്ത്തി കന്നി വനിത ബിഗ് ബാഷ് ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്

വനിത ബിഗ് ബാഷ് ചരിത്രത്തില്‍ തങ്ങളുടെ കന്നി ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്. ആദ്യ സെമിയില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ 7 വിക്കറ്റ് വിജയം ആണ് ഇന്ന് മെല്‍ബേണ്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടിയപ്പോള്‍ 16.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ആണ് മെല്‍ബേണ്‍ ലക്ഷ്യം മറികടന്നത്.

അലാന കിംഗിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് പെര്‍ത്തിന്റെ താളം തെറ്റിച്ചത്. അലാന 4 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടുകയായിരുന്നു. പെര്‍ത്ത് നിരയില്‍ 32 റണ്‍സ് നേടിയ ബോള്‍ട്ടണ്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ബെത്ത് മൂണി 27 റണ്‍സ് നേടി. ഹീത്തര്‍ ഗ്രഹാം(18), സാറ ഗ്ലെന്‍(19) എന്നിവരും പെര്‍ത്തിന്റെ സ്കോറിംഗില്‍ സഹായിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ മെല്‍ബേണിന് വേണ്ടി നത്താലി സ്കിവര്‍ പുറത്താകാതെ 47 റണ്‍സ് നേടിയപ്പോള്‍ അന്നാബെല്‍ സത്തര്‍ലാണ്ട് 30 റണ്‍സ് നേടി. മെഗ് ലാന്നിംഗ് 22 റണ്‍സും എല്‍സെ വില്ലാനി 18 റണ്‍സും നേടി പുറത്തായി. സാറ ഗ്ലെന്‍, ഹീത്തര്‍ ഗ്രഹാം, സോഫി ഡിവൈന്‍ എന്നിവര്‍ പെര്‍ത്തിന് വേണ്ടി ഓരോ വിക്കറ്റ് നേടി.

Comments are closed.