ഹോബാര്‍ട്ട് ഹറികെയന്‍സിനെ പരാജയപ്പെടുത്തി മെല്‍ബേണ്‍ സ്റ്റാര്‍സ് ഫൈനലില്‍

ടൂര്‍ണ്ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിച്ച ഹോബാര്‍ട്ട് ഹറികെയന്‍സിനു സെമി ഫൈനലില്‍ കാലിടറി. ഇന്ന് നടന്ന ഒന്നാം സെമി ഫൈനലില്‍ ഹോബാര്‍ട്ടിനെ മെല്‍ബേണ്‍ സ്റ്റാര്‍സ് ആണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ടിനെ 153/7 എന്ന നിലയില്‍ ഒതുക്കിയ ശേഷം 18.5 ഓവറില്‍ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സ് മറികടക്കുകയായിരുന്നു.

ഗ്ലെന്‍ മാക്സ്വെല്‍ 43 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ സെബ് ഗോച്ച് 33 റണ്‍സുമായി വിജയ സമയത്ത് മാക്സ്വെല്ലിനൊപ്പം നിന്നു. 35 റണ്‍സ് നേടി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. ഹോബാര്‍ട്ടിനു വേണ്ടി അഫ്ഗാന്‍ താരം ഖൈസ് അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ടിനു വേണ്ടി ബെന്‍ മക്ഡര്‍മട്ട്(53) ടോപ് സ്കോറര്‍ ആയപ്പോള്‍ മാത്യു വെയിഡ്(35), ജോര്‍ജ്ജ് ബെയിലി(37) എന്നിവര്‍ നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തു. സ്റ്റാര്‍സിനു വേണ്ടി 4 വിക്കറ്റ് വീഴ്ത്തിയ ഡാനിയേല്‍ വോറെല്‍ ആണ് ഹോബാര്‍ട്ടിനെ പ്രതിരോധത്തിലാക്കിയത്. താരം 4 ഓവറില്‍ 23 റണ്‍സ് വിട്ടു നല്‍കിയാണ് ഈ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. വോറല്‍ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.